
കണ്ണൂർ ∙ ലഹരിമരുന്ന് കേസിൽ തടവിൽ ആയിരുന്ന പ്രതി ജയിൽ ചാടി രക്ഷപ്പെട്ടു. സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന തുടങ്ങി. ലഹരിമരുന്ന് കേസിൽ 10 വർഷം ശിക്ഷിച്ച കൊയ്യോട് ചെമ്പിലോട് ടി.സി.ഹർഷാദ് (34) ആണ് ഞായറാഴ്ച രാവിലെ 7നു കണ്ണൂർ സെൻട്രൽ ജയിൽ ചാടി രക്ഷപെട്ടത്.
രാവിലെ പത്രക്കെട്ട് എടുക്കാൻ ജയിൽ ഗേറ്റിൽ എത്തി പാറാവുകാരന്റെ കണ്ണുവെട്ടിച്ച് റോഡിലേക്കോടുകയും അതുവഴി വന്ന ബൈക്കിൽ കയറിയാണ് രക്ഷപ്പെട്ടതെന്നും പറയുന്നു. കണ്ണവം പൊലീസ് സ്റ്റേഷനിൽ ലഹരിമരുന്ന് കേസിൽ പിടികൂടി 2023 സെപ്റ്റംബർ 9നാണ് കണ്ണൂർ ജയിലിൽ ശിക്ഷ തുടങ്ങിയത്.
മുൻകൂട്ടി ആസൂത്രണം ചെയ്ത് തടവുകാരൻ കടന്ന് കളഞ്ഞതാണെന്നും ഇയാളെ പിടികൂടുന്നതിനായ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. കണ്ണൂർ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ നഗരത്തിലും പരിസര പ്രദേശത്തും പരിശോധന തുടരുകയാണ്.