ഷൈൻ ടോം ചാക്കോക്കെതിരെ കേസെടുക്കാൻ നിർണായകമായത് ഫോൺ രേഖകൾ. ഫോൺ കോളുകളും ഗൂഗിൾ പേയും പരിശോധിച്ചതിൽ നിന്നാണ് ഷൈനിന് ലഹരി ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. വേദാന്ദ ഹോട്ടലിൽ ഡാൻസാഫ് സംഘം അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരനായ സജീറുമായി ഷൈന് ബന്ധമുണ്ടെന്ന് ഫോൺ രേഖകളിൽ നിന്ന് വ്യക്തമായി.
ഹോട്ടലിൽ നിന്ന് ഷൈൻ ഇറങ്ങിയോടിയ ദിവസം 20,000 രൂപയാണ് സജീറിന് ഗൂഗിൾ പേ വഴി നൽകിയത്. ഇതോടെ ലഹരി ഉപയോഗിക്കാറില്ല എന്ന ഷൈനിന്റെ കള്ളം പൊളിഞ്ഞു. ലഹരി ഇടപാടുകാരെ അറിയാമോ എന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി. എന്നാൽ ഫോൺ വിവരങ്ങൾ പൊലീസ് നിരത്തിയതോടെ ഷൈൻ കുടുങ്ങി. ഒടുവിൽ സജീറുമായി ബന്ധമുണ്ടെന്ന് ഷൈൻ സമ്മതിക്കുകയായിരുന്നു.
ഷൈനിനെ ആന്റി ഡോപ്പിംഗ് ടെസ്റ്റിന് വിധേയനാക്കാനാണ് പൊലീസിന്റെ നീക്കം. രാസലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാനാണ് പരിശോധന നടത്തുന്നത്. തലമുടി, നഖം, സ്രവങ്ങൾ എന്നിവ പരിശോധിക്കും. എറണാകുളം ജനറൽ ആശുപത്രിയിലാണ് പരിശോധന നടക്കുന്നത്. പരിശോധനാഫലം കേസിൽ അതിനിർണായകമാകും.
നിലവിൽ സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന കേസുകളാണ് ഷൈനിനെതിരെ ചുമത്തിയിരിക്കുന്നത്. ലഹരിമരുന്ന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഷൈനിനെതിരെ കേസെടുത്തത്.