താമരശ്ശേരി : അമ്പലമുക്ക് കൂരിമുണ്ടയിൽ ലഹരിമാഫിയ സംഘം പൊലീസിനെയും പരിസരവാസികളെയും ആക്രമിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. പരപ്പൻപൊയിൽ തെക്കേപുറായിൽ സനീഷ് കുമാറിനെ (39)യാണ് കോഴിക്കോട് പാളയത്തു നിന്നു കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 4നാണ് അമ്പലമുക്ക് കൂരിമുണ്ടയിൽ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസിനു നേരെ ലഹര മാഫിയ സംഘം ആക്രമണം നടത്തിയത്. പൊലീസിനെ കല്ലെറിഞ്ഞും വാഹനങ്ങൾ അടിച്ച് തകർത്തും വളർത്തുനായ്ക്കളെ അഴിച്ചുവിട്ടുമായിരുന്നു അഴിഞ്ഞാട്ടം. അന്നു ലഹരിസംഘത്തവൻ ചുരുട്ട അയ്യൂബിനോടൊപ്പം പൊലീസിനെ ആക്രമിക്കാനും നാട്ടുകാരനായ ഇർഷാദിനെ വെട്ടിപരുക്കേൽപിക്കാനും സനീഷ് കുമാറും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവ ശേഷം കോഴിക്കോട്, വയനാട് ജില്ലകളിൽ ഒളിവിൽ കഴിയുകയായിരുന്നു.