കോഴിക്കോട് : ഇരുചക്ര വാഹന വർക്‌ഷോപ്പിന്റെ മറവിൽ ലഹരി മരുന്നു വിൽപന നടത്തിയ യുവാവ് പിടിയിൽ. നല്ലളം വെളുത്തേടത്ത്തൊടി വീട്ടിൽ ഷാഹുൽ ഹമീദിനെ (28)യാണ് നർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 80,000 രൂപ വിലമതിക്കുന്ന 17.830 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. നല്ലളത്തു വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു ഷാഹുൽ ഹമീദ്. വീടിനോട് ചേർന്നു നടത്തുന്ന വർക് ഷോപ്പിന്റെ മറവിലാണ് ലഹരി മരുന്ന് വിൽപന നടത്തിയിരുന്നതെന്നു പൊലീസ് അറിയിച്ചു. എംഡിഎംഎ എത്തിച്ച് 5 ഗ്രാം 10 ഗ്രാം പാക്കറ്റുകൾ നിറച്ചു ചെറുകിട കച്ചവടക്കാർക്കു വിതരണം ചെയ്താണ് വിൽപന. സിറ്റി ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് ഇടയിടത്തിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോസിലെ സിപിഒമാരായ ഷിനോജ്, സരുൺ കുമാർ, ശ്രീശാന്ത്, തൗഫീഖ് എന്നിവരും നല്ലളം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രവീന്ദ്രൻ, മനോജ് കുമാർ, സിപിഒമാരായ ബിജീഷ് കുമാർ, രസ്‌ന രാജൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.