ചെന്നൈ ∙ ‘ലഹരിക്കടത്തിൽ’ കുടുക്കി ലക്ഷങ്ങൾ കൈക്കലാക്കുന്ന പുതിയ സൈബർ തട്ടിപ്പിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട കഥ വിവരിച്ച് യുവതി. തായ്‌ലൻഡിലേക്കുള്ള ലഹരിമരുന്ന് കടത്തലിനു തന്റെ ആധാർ നമ്പർ ഉപയോഗിച്ചിട്ടുണ്ടെന്നു അറിയിച്ചാണ് സംഘം തട്ടിപ്പിനു കളമൊരുക്കിയതെന്നു മാർക്കറ്റിങ് പ്രഫഷണലായ ലാവണ്യ മോഹൻ പറഞ്ഞു.
ഹരിയാനയിലെ ഗുരുഗ്രാമിൽ പാർസലിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയെന്ന അറിയിപ്പുമായി കസ്റ്റംസ് പൊലീസ് ചമഞ്ഞുള്ള തട്ടിപ്പിൽ 2 പേരിൽ നിന്നായി 2 കോടിയോളം രൂപ കഴിഞ്ഞ ദിവസങ്ങളിൽ തട്ടിയെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണു തന്നെയും തട്ടിപ്പുകാർ സമീപിച്ചതായി എക്സ് പ്ലാറ്റ്‌ഫോമിൽ ലാവണ്യ കുറിച്ചത്. ഡെലിവറി സർവീസ് കമ്പനിയായ ഫെഡ്എക്സിന്റെ കസ്റ്റമർ കെയർ എക്സിക്യുട്ടീവ് ആണെന്ന വ്യാജേനയാണ് ഒരാൾ ലാവണ്യയെ ബന്ധപ്പെട്ടത്.
‘‘2 ആഴ്ച മുൻപ് ഗുരുഗ്രാമിലെ ഒരാൾക്ക് 56 ലക്ഷം രൂപയും മറ്റൊരാൾക്ക് 1.3 കോടിയും തട്ടിപ്പിലൂടെ നഷ്ടമായെന്ന വാർത്തയുണ്ടായിരുന്നു. സമാനമായ കോൾ എനിക്കും ലഭിച്ചു. ഫെഡ്എക്സിന്റെ കസ്റ്റമർ കെയർ എക്സിക്യുട്ടീവ് ആണെന്നു പറഞ്ഞാണു സംസാരിച്ചത്. തായ്‌ലൻഡിലേക്കുള്ള ലഹരിക്കടത്തിനു എന്റെ ആധാർ ദുരുപയോഗപ്പെടുത്തിയെന്ന് പറഞ്ഞു. ആധികാരികമെന്നു തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു സംസാരം. പാക്കേജിന്റെ വിവരങ്ങളും എഫ്ഐആർ നമ്പറും എംപ്ലോയി ഐഡിയും പങ്കുവച്ചു. ഇതെല്ലാം വ്യാജമായിരുന്നു.
പ്രശ്നം പരിഹരിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥനുമായി സംസാരിക്കാമെന്നും അറിയിച്ചു. മാഡം നിങ്ങൾ പരാതിയുമായി മുന്നോട്ടു പോയില്ലെങ്കിൽ ആധാർ വീണ്ടും ദുരുപയോഗപ്പെടും. അതിനാൽ സൈബർ ക്രൈംബ്രാഞ്ചിനെ ഞാൻ ബന്ധപ്പെടുത്തി തരാമെന്നും അയാൾ അറിയിച്ചു. വളരെ വിദഗ്ധമായാണ് ഇത്തരക്കാർ കെണിയൊരുക്കുന്നത്. എല്ലാം ഉടനടി വേണമെന്നു പറയുമ്പോൾ നമ്മൾ അബദ്ധത്തിൽ ചാടാൻ സാധ്യതയേറെയാണ്’’– ലാവണ്യ കുറിച്ചു. സംഭാഷണത്തിന്റെ ഭാഗമായുള്ള സ്ക്രീൻഷോട്ടുകളും ഇവർ പങ്കുവച്ചിട്ടുണ്ട്.
ഗുരുഗ്രാമിൽ പാർസലിൽ ലഹരിമരുന്ന് കണ്ടെത്തിയെന്ന അറിയിപ്പുമായി കസ്റ്റംസ് പൊലീസ് ചമഞ്ഞുള്ള സൈബർ തട്ടിപ്പിലാണു 51 വയസ്സുകാരനു ലക്ഷങ്ങൾ നഷ്ടമായത്. ആധാർ ഉപയോഗിച്ച് റജിസ്റ്റർ ചെയ്ത പാർസലിൽ നിരവധി ക്രെഡിറ്റ് കാർഡുകളും ലഹരി വസ്തുക്കളും പാസ്പോർട്ടുകളും ലാപ്ടോപ്പുകളും അടക്കമുള്ളവയാണ് ഫെഡ്എക്സ് വഴി തയ്‌വാനിലേക്ക് അയച്ച കുറിയറിൽ കണ്ടെത്തിയതെന്നു പൊലീസ് വേഷത്തിലെത്തിയ തട്ടിപ്പുകാർ പറഞ്ഞു. കസ്റ്റംസ് പിടിച്ചെടുത്ത കുറിയർ പൊലീസിന് തുടർ നടപടികൾക്കായി കൈമാറിയതായും വിശ്വസിപ്പിച്ചാണു 56 ലക്ഷം തട്ടിയെടുത്തത്.