Spread the love

കൊച്ചി: ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്നും 25000കോടി രൂപയുടെ മയക്കുരുന്ന് പിടികൂടിയ കേസിൽ റിമാൻഡിലായ പാക്ക് പൗരനെ കസ്റ്റഡിയിൽ വാങ്ങാൻ നാർകോടിക്സ് കൺട്രോൾ ബ്യൂറോ ഇന്ന് അപേക്ഷ നൽകും. ഇന്നലെ മട്ടാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പാക്ക് പൗരൻ സുബൈറിനെ പതിനാല് ദിവസത്തെക്ക് റിമാൻഡ് ചെയ്തിരുന്നു. കപ്പലിൽ നിന്ന് രക്ഷപ്പെട്ടവർക്കായുള്ള അന്വേഷണവും ഊർജജിതമാണ്. മയക്കുമരുന്നു കടത്തിൽ തീവ്രവാദ ബന്ധം കണ്ടെത്താൻ എൻഐഎയും അന്വേഷണത്തിന്റെ ഭാഗമാകും.

ഇറാനിൽ നിന്നും പാക്കിസ്ഥാൻ വഴി ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടന്ന ബോട്ടിൽ നിന്നാണ് 25000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയത്. ഈ ബോട്ടിൽ നിന്നും പിടിയിലായ പാക്ക് സ്വദേശി സുബൈർ ദെറക്‌ഷായെ ചോദ്യം ചെയ്തതിലും പാക്ക് ബന്ധങ്ങൾ സംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ നേവിയും എൻസിബിയും കണ്ടെത്തിയതിലും ഇരട്ടിയിലേറെ അളവിൽ മയക്കുമരുന്ന് വിവിധ ബോട്ടുകളിലായി ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണക്കാക്കുന്നുണ്ട്. മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ച മദർഷിപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം.

മയക്കുമരുന്നിന്‍റെ ഉറവിടം ഇറാൻ– പാക്കിസ്ഥാൻ ബെൽറ്റ് തന്നെയെന്ന് ഉറപ്പിക്കുമ്പോഴും ഇന്ത്യയിൽ കണ്ണികളാരൊക്കെ എന്നതാണ് അന്വേഷണത്തിലെ അടുത്ത ഘട്ടം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പാക്ക് ബോട്ടിൽ നിന്നും രക്ഷപ്പെട്ട ആറ് പേർക്കായി തെരച്ചിൽ തുടരുന്നുണ്ട്. പാക്കിസ്ഥാൻ ബന്ധത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കാൻ എൻഐഎയും കേസിൽ ഭാഗമായത്.

Leave a Reply