തിരുവനന്തപുരം: സംസ്ഥാനത്ത് മാരക ലഹരി മരുന്നുകളുടെ ഉപയോഗം വർദ്ധിക്കുന്നതായി എക്‌സൈസ് വകുപ്പിന്റെ കണക്കുകൾ. കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയിൽ കേരളത്തിൽ പിടികൂടിയത് പത്തരക്കിലോ എംഡിഎംഎ. ലഹരി മരുന്നുമായി പിടിയിലാകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വർദ്ധനവെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്ത് നിരോധിത ലഹരി മരുന്നുകളുടെ ഉപയോഗം വലിയതോതിൽ വർദ്ധിക്കുന്നു എന്നതിന്റെ കണക്കുകളാണ് എക്‌സൈസ് വകുപ്പ് വ്യക്തമാക്കുന്നത്. മുൻവർഷങ്ങളിൽ വ്യാജ മദ്യവും വാറ്റുചാരായവും കഞ്ചാവും ആയിരുന്നു പിടികൂടുന്നതിൽ ഏറെയും. എന്നാൽ ഇന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ പോലും മാരക ലഹരി മരുന്നായ എംഡിഎംഎ ഉപയോഗം വലിയ തോതിൽ വർദ്ധിക്കുകയാണ് 2021 ജനുവരി മുതൽ 2022 മെയ് വരെ സംസ്ഥാനത്ത് എക്‌സൈസ് പിടികൂടിയത് പത്തര കിലോ എംഡി എംഎയാണ് 43 അര കിലോ ഹാഷിഷ് ഓയിലും പിടികൂടി.
7533 കിലോ കഞ്ചാവാണ് കഴിഞ്ഞ ഒരു വർഷക്കാലം സംസ്ഥാനത്ത് പിടികൂടിയത്. എക്‌സൈസ് പിടികൂടുന്ന ലഹരി മരുന്നുകളുടെ 20 ഇരട്ടിയിലധികം ലഹരി മരുന്നാണ് കേരളത്തിൽ ഒഴുകുന്നത് എന്നാണ് എക്‌സൈസിന്റെ തന്നെ നിഗമനം. സ്‌കൂൾ കോളേജ് വിദ്യാർത്ഥികളായ പെൺകുട്ടികളുടെ ഇടയിൽ പോലും മാരക ലഹരി മരുന്നിന്റെ ഉപയോഗം വർദ്ധിക്കുന്നു എന്നും എക്‌സൈസ് സാക്ഷ്യപ്പെടുത്തുന്നു.
സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ തന്നെയാണ് ലഹരി മരുന്നും മാഫിയയുടെ കെണിയിൽ വീഴുന്നതിൽ ഭൂരിപക്ഷം എന്നും രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്കുകൾ നിരത്തി എക്‌സൈസ് വ്യക്തമാക്കുന്നു.