ന്യൂഡൽഹി∙ വിവിധ രാജ്യങ്ങളിലേക്ക് ലഹരിമരുന്ന് കയറ്റുമതി ചെയ്യുന്ന രാജ്യാന്തര ശൃംഖലയിലെ കണ്ണികൾ ഡൽഹിയിൽ അറസ്റ്റിൽ. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും (എൻസിബി) ഡൽഹി പൊലീസിന്റെ സ്‌പെഷൽ സെല്ലും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് തമിഴ്നാട് സ്വദേശികളായ മൂന്നു പേരെ പിടികൂടിയത്. ഇവരിൽനിന്നു ലഹരിമരുന്ന് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന 50 കിലോ സ്യൂഡോഫെഡ്രിൻ പിടിച്ചെടുത്തു. സിന്തറ്റിക് ലഹരിമരുന്നായ മെത്താംഫെറ്റാമൈൻ നിർമിക്കാൻ ഉപയോഗിക്കുന്നതാണ് സ്യൂഡോഫെഡ്രിൻ.
ഇന്ത്യ, ന്യൂസീലൻഡ്, ഓസ്ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തുന്നതിന്റെ മുഖ്യ സൂത്രധാരൻ ഒരു തമിഴ് സിനിമാ നിർമാതാവാണെന്നാണ് വിവരം. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാണ്. ഓസ്ട്രേലിയയിലേക്കു കയറ്റുമതി ചെയ്യാൻ പടിഞ്ഞാറൻ ഡൽഹിയിലെ ബസായ് ദാരാപുരിലെ ഒരു ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സ്യൂഡോഫെഡ്രിനാണ് പിടികൂടിയത്.
വൻതോതിൽ സ്യൂഡോഫെഡ്രിൻ രാജ്യത്തേയ്ക്ക് എത്തുന്നുണ്ടെന്ന് ന്യൂസീലൻഡ് കസ്റ്റംസിൽ നിന്നും ഓസ്‌ട്രേലിയൻ പൊലീസിൽ നിന്നും റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും ഒരു കിലോയ്ക്ക് ഏകദേശം 1.5 കോടി രൂപയ്ക്കാണ് സ്യൂഡോഫെഡ്രിൻ വിൽക്കുന്നത്. ചരക്കുകളുടെ ഉറവിടം ഡൽഹിയാണെന്ന് യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷനും (ഡിഇഎ) റിപ്പോർട്ട് നൽകിയിരുന്നു.
തുടർന്ന് ശൃംഖല തകർക്കാൻ ഡൽഹി പൊലീസ് സ്പെഷൽ സെല്ലിന്റെയും എൻസിബിയുടെയും സംയുക്ത സംഘം രൂപീകരിക്കുകയായിരുന്നു. രാജ്യാന്തര വിപണിയിൽ 2,000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3,500 കിലോ സ്യൂഡോഫെഡ്രിൻ അടങ്ങിയ 45 ചരക്കുകൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കയറ്റിയയച്ചതായി ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞു. ഭക്ഷ്യവസ്തുക്കളിലാണ് ഇവ ഒളിപ്പിച്ചു കടത്തുന്നത്. ഒളിവിലുള്ള നിർമാതാവിനെ പിടികൂടിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.