
തിരുവനന്തപുരം∙ നാട്ടിൽ പെട്രോൾ ബോംബ് എറിഞ്ഞശേഷം കൊടൈക്കനാലിലെ കാട്ടില്‍ ടെന്റിൽ ഒളിവിൽ കഴിയുക, അവിടെയിരുന്ന് ലഹരിക്കടത്തു നടത്തി പണമുണ്ടാക്കുക, പൊലീസിനെ കബളിപ്പിക്കാൻ ഫോൺ ഉപയോഗിക്കാതിരിക്കുക… പാങ്ങോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുതുവിളയില്‍ കഴിഞ്ഞ 2023 ഡിസംബര്‍ ആദ്യവാരം വീടും സ്ഥാപനവും അടിച്ചുതകര്‍ത്തും പെട്രോള്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചും സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളെ കൊടൈക്കനാലിലെ വനത്തിനുള്ളിൽ ഒളിവിൽ കഴിയുമ്പോൾ സാഹസികമായി പോലീസ് പിടികൂടിയത്. ഫോൺ ഉപയോഗിക്കാതിരുന്ന പ്രതികളെ സമൂഹമാധ്യമത്തിലെ പുതിയ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ചാണ് പൊലീസ് പിടികൂടിയത്.
കല്ലറ മിതൃമല നെല്ലിമൂട്ടിൽ കോണം മഹിളാ ഭവനിൽ മൂഴി എന്നു വിളിക്കുന്ന വിഷ്ണു (20), കല്ലറ ചുണ്ടു മണ്ണടി ചരുവിള പുത്തൻ വീട്ടിൽ കിട്ടു എന്ന് വിളിക്കുന്ന അഖിൽ (23) എന്നിവരാണ് പൊലീസിനെ വലച്ച് ഒളിവിൽ പോയത്. ഇരുവർക്കുമെതിരെ മൂന്നു കേസുകള്‍ പാങ്ങോട് പൊലീസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ആക്രമണത്തിനു ശേഷം കഴിഞ്ഞ ഒന്നര മാസമായി പ്രതികള്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിനെ ബുദ്ധിമുട്ടിച്ചിരുന്നു. പിന്നീടാണ് സമൂഹ മാധ്യമത്തിൽ പുതിയ അക്കൗണ്ട് രൂപീകരിച്ചതായി മനസിലാക്കിയത്.
ഇതിനു പിന്നാലെ പൊലീസ് സൈബർ സെല്ലിന്റ സേവനം തേടി. സൈബർ സെൽ സമൂഹമാധ്യമ കമ്പനികളോട് വിശദവിവരങ്ങൾ ചോദിച്ചു. തമിഴ്നാട്, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്ന് മനസിലായി. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണസംഘം തമിഴ്നാട്ടിലും കര്‍ണാടകയിലും തങ്ങി അന്വേഷണം നടത്തി.
തമിഴ്നാട്ടിലെ വിനോദ സഞ്ചാര മേഖലയായ കൊടൈക്കനാലിനു സമീപത്തെ ഉള്‍വനത്തില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ പ്രതികൾ താമസിക്കുന്നതായി മനസിലാക്കി. തമിഴ്നാട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിച്ചു. വിവരം ചോരാതിരിക്കാൻ ലോക്കൽ പൊലീസിനെ അറിയിച്ചില്ല. പുലർച്ചെ നാലു മണിയോടെ കേരളത്തിൽനിന്നുള്ള 5 അംഗ പൊലീസ് സംഘം ടെന്റുകൾ വളഞ്ഞു. ചെറുത്തു നിൽപ്പിനിടെ പ്രതികളെ പിടികൂടി. ലഹരി ഉപയോഗിച്ചിരുന്നതിനാൽ ടെന്റിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മറ്റുള്ളവർ വിവരം അറിഞ്ഞില്ല.
ഓരോ സ്ഥലത്തെയും ലഹരിക്കടത്ത് സംഘങ്ങളുമായി സൗഹൃദമുണ്ടാക്കിയാണ് പ്രതികള്‍ ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് പൊലീസ് അറിയിച്ചു. കൊടൈക്കനാലിലെ ലഹരിക്കടത്ത് സംഘങ്ങളുമായും സൗഹൃദത്തിലെത്തി അവരുടെ ടെന്റുകളിൽ താമസമാക്കി. കേരളത്തിലേക്ക് ലഹരി കടത്തുന്നതിനു സഹായങ്ങൾ നൽകി. ലഭിക്കുന്ന പണം കൊണ്ട് അടിച്ചുപൊളി ജീവിതമാണ് നയിച്ചിരുന്നത്. ലഹരി ഉപയോഗത്തിനായിരുന്നു പ്രധാനമായും പണം ചെലവഴിച്ചത്.
പുലർച്ചെ 4 മണിവരെ കൂട്ടമായി ലഹരി ഉപയോഗിക്കുന്ന രീതിയായിരുന്നു സംഘത്തിന്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഉറക്കമുണരുക. സ്ഥിരമായി നിരീക്ഷിച്ച് ഇക്കാര്യം മനസിലാക്കിയാണ് പുലർച്ചെ നാലു മണിക്കുശേഷം പൊലീസ് ടെന്റു വളഞ്ഞത്. പ്രതികൾ മോഷണം, അടിപിടി ഉള്‍പ്പെടെയുള്ള കേസുകളിലും നേരത്തെ ഉൾപ്പെട്ടിരുന്നു.
തിരുവനന്തപുരം റൂറല്‍ എസ്‍പി: എം.കെ. സുല്‍ഫിക്കർ, നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വി.ടി. റാസിത്ത്, ആറ്റിങ്ങല്‍ ഡിവൈഎസ്പി ടി.ജയകുമാര്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. പാങ്ങോട് പൊലീസ് ഇന്‍സ്പെക്ടര്‍ ഷാനിഫ് എച്ച്.എസ്., സബ് ഇന്‍സ്പെക്ടര്‍ ബിനിമോൾ, പൊലീസുകാരായ സിദ്ധിക്ക്, വൈശാഖൻ, സതീശൻ, ഡാൻസാഫ് സബ്ബ് ഇന്‍സ്പെക്ടര്‍ ബി.ദിലീപ്, സീനിയര്‍ സിപിഒ അനൂപ് എ.എസ്. എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.