അമ്പലപ്പുഴ : കാക്കാഴം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവ വേദിയിൽ മദ്യലഹരിയിൽ കടന്നു കയറി അക്രമം നടത്തിയ പൊലീസുകാരനെയും ഒപ്പമുണ്ടായിരുന്ന ആളിനെയും നാട്ടുകാരും രക്ഷാകർത്താക്കളും പിടികൂടി. അമ്പലപ്പുഴ പൊലീസിന് കൈമാറി.എടത്വ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കാക്കാഴം കൊട്ടാരത്തിൽ വീട്ടിൽ വി.ഹരികൃഷ്ണൻ(34) കായംകുളം പത്തിയൂർ ഉത്രം വീട്ടിൽ അക്ഷയകുമാർ(26) എന്നിവരെയാണ് സ്റ്റേഷൻ ഓഫിസർ എസ്. ദ്വിജേഷ്, എസ്ഐ ടോൾസൺ പി. ജോസഫ് എന്നിവർ പിന്നീട് അറസ്റ്റ് ചെയ്തത്. കേസിലെ 3ാം പ്രതി കാക്കാഴം വെള്ളംതെങ്ങിൽ വീട്ടിൽ അനീഷ്(35)നെ പിടികൂടാനുണ്ട്.
കലോത്സവം ‘കതിരാട്ടം’നടക്കുന്നതിനിടെയിൽ ഇന്നലെ ഉച്ചയ്ക്ക് 2നായിരുന്നു സംഭവം.ഹരികൃഷ്ണനും സംഘവും സ്കൂളിലെത്തി അധ്യാപികമാരോടു മോശമായി പെരുമാറിയതു കൂടാതെ സ്റ്റേജിലെ മൈക്കും വയറുകളും വലിച്ചു പൊട്ടിച്ചു. ഇതു തടയാനെത്തിയ മൈക്ക് ഓപ്പറേറ്റർ മുബാറക്കിനെ സംഘം പിടിച്ചു തള്ളിയിടുകയും മർദിക്കുകയും ചെയ്തു. വിവരം അറിഞ്ഞ് പരിപാടിയിൽ പങ്കെടുത്തിരുന്ന രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് സംഘത്തെ ഓഫിസിനോടു ചേർന്ന മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് 2 പേരെ പിടികൂടിയത്. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന അനീഷ് ഓടി പോയി. അക്രമം നടന്ന സമയം സ്കൂളിലെ അധ്യാപകർ ജില്ലാ പൊലീസ് മേധാവിയെ ഫോണിൽ വിളിച്ചറിയിച്ചു. തുടർന്ന് സംഘത്തെ പിടികൂടാൻ അമ്പലപ്പുഴ പൊലീസിന് നിർദേശം ലഭിച്ചു. സ്കൂൾ പ്രധാന അധ്യാപികയും മൈക്ക് ഓപ്പറേറ്ററും പൊലീസിൽ പരാതി നൽകി. അറസ്റ്റിലായ ഹരികൃഷ്ണനെയും അക്ഷയ കുമാറിനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കലോത്സവത്തിനിടെ വിദ്യാർഥികൾ സ്കൂളിന്റെ മതിൽ ചാടി ഹരികൃഷ്ണന്റെ വീട്ടിലെത്തിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.