Spread the love


ബസ്​ കാത്തിരിപ്പ് സമയം​ കുറക്കാനുള്ള പുതിയ സാങ്കേതികൾ വികസിപ്പിച്ച് ദുബൈ.


ദുബൈ: ബസ്​ സർവിസുകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും കാത്തിരിപ്പ്​ ​സമയം കുറക്കുകയും ചെയ്യാൻ​ രണ്ട്​ പുതിയ പദ്ധതികളുമായി റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ). ആർട്ടിഫിഷൽ ഇൻറലിജൻസ് അടക്കം പുതു സാ​ങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ്​ പദ്ധതിയൊരുക്കുന്നത്​.
ആദ്യ പദ്ധതിയിൽ നഗരപ്രദേശങ്ങളിലെ ഗതാഗതം നിയന്ത്രിക്കാൻ ആർ.‌ടി.‌എ ‘സിറ്റി ബ്രെയിൻ’ സംവിധാനമാണ്​ അലിബാബ ക്ലൗഡുമായി ചേർന്ന്​ പരീക്ഷിക്കുക.നോൽ കാർഡുകൾ, ബസുകൾ, ടാക്​സികൾ എന്നിവയിലും കൺട്രോൾ സെൻററിലും നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച്​ ബസുകളുടെ ഷെഡ്യൂളും റൂട്ടുകളും മെച്ചപ്പെടുത്തും. ഈ സംവിധാനം ബസ് യാത്ര 17 ശതമാനം മെച്ചപ്പെടുത്തുമെന്നും ശരാശരി കാത്തിരിപ്പ് സമയം 10 ​​ശതമാനം കുറക്കുമെന്നുമാണ്​ പ്രതീക്ഷ.
രണ്ടാമത്തെ പദ്ധതി അൽ ഖൂസ് ബസ് ഡിപ്പോയിലെ വിദൂര ബസ് പെർഫോമൻസ്​ നിരീക്ഷണകേന്ദ്രമാണ്. ആർ.ടി.എയുടെ പുതിയ 516 വോൾവോ ബസുകളെയാണ്​ കേന്ദ്രം അതത്​ സമയങ്ങളിൽ ട്രാക് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുക. ബസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന മെക്കാനിക്കൽ, എണ്ണ ഉപഭോഗം, സുരക്ഷാ ഉപകരണങ്ങളുടെ അവസ്ഥ എന്നിവ സംബന്ധിച്ച 47 മുന്നറിയിപ്പുകൾ കേന്ദ്രത്തിന്​ നൽകാനാവും.ഇതിലൂടെ എണ്ണ ഉപയോഗം അഞ്ച്​ ശതമാനം കുറക്കാനും സമയാസമയങ്ങളിൽ ബസ്​ അറ്റകുറ്റപ്പണിക്കും​ സാധിക്കും. ഇരു പദ്ധതികളും നടപ്പാകുന്നത്​ ബസ്​ സർവിസുകളുടെ കാര്യക്ഷമത വർധിപ്പിക്കും.ദുബൈയിലെ പൊതുഗതാഗത സംവിധാനം കോവിഡിന്​ മുമ്പുള്ള അവസ്​ഥയിലേക്ക്​ 70 ശതമാനം മാറിയതായി ആർ.ടി.എ ഡയറക്​ടർ ജനറൽ മത്വാർ മുഹമ്മദ്​ അൽ തായർ പറഞ്ഞു.പുതുതായി നടപ്പാക്കിയ സംവിധാനങ്ങളിലൂടെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.

Leave a Reply