റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പുമായി ദുബായ്; നടന്നത് വൻ തുകയുടെ ഇടപാടുകൾ.
ദുബായ് : റിയൽ എസ്റ്റേറ്റ് മേഖലയും ദുബായിലെ പാർപ്പിട നിർമാണ മേഖലയും ഈ വർഷം ആദ്യ പകുതിയിൽ വൻ കുതിപ്പു നടത്തിയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം അവസാന പാദത്തെ അപേക്ഷിച്ച് 40% വർധനയാണ് വിപണിമൂല്യത്തിലും കച്ചവടത്തോതിലും ഉണ്ടായത്.ഈ വർഷം ആദ്യ പകുതിയിൽ 27,373 ഇടപാടുകൾ റിയൽ എസ്റ്റേറ്റ് മേഖലയിൽ നടന്നതായി പ്രോപ്പർട്ടി ഫൈൻഡറിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന്റെ മൂല്യം 61.97 ബില്യൺ ദിർഹമാണ് (ഒന്നേകാൽ ലക്ഷം കോടിയിലധികം രൂപ). എണ്ണത്തിന്റെ അടിസ്ഥാനത്തിൽ 40.2% മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 55.87% വർധനയാണ് ഇതു സൂചിപ്പിക്കുന്നത്.
വില്ലകളുടെയും മറ്റും വിൽപന ഏറ്റവുമധികം നടന്നത് മുഹമ്മദ് ബിൻ റാഷിദ് സിറ്റി, ദുബായ് ഹിൽസ് എസ്റ്റേറ്റ്, ദുബായ് ലാൻഡ്, നാദ അൽ ഷിബ എന്നിവിടങ്ങളിലാണ്.അതേ സമയം, അപ്പാർട്മെന്റുകൾ ഏറ്റവുമധികം വിറ്റുപോയത് ബിസിനസ് ബേ, ജുമൈറ വില്ലേജ് സർക്കിൾ, ദുബായ് മറീന, ജുമൈറ ലേക്ക് ടവേഴ്സ്, ഡൗൺടൗൺ ദുബായ് എന്നിവിടങ്ങളിലാണ്. സീ വ്യൂ, അപ് ഗ്രേഡഡ്, ഫർണിഷ്ഡ്, പേയ്മെന്റ് പ്ലാൻ, പൂൾ എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട് ഏറ്റവുമധികം തിരഞ്ഞ വാക്കുകളെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.സൗകര്യങ്ങളും നിലവാരവുമാണ് ഈ മേഖലയിൽ ആളുകൾ കൂടുതലായി ആഗ്രഹിക്കുന്നതെന്നും അതിനനുസരിച്ച് മാറ്റം വരുത്തുന്ന പ്രദേശങ്ങളിലാണ് ഇടപാടുകൾ കൂടുതലായി നടന്നെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.