
ദുബായ്∙ രാജകീയ വിവാഹത്തിനു സാക്ഷ്യം വഹിച്ച് ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ മകൾ ഷെയ്ഖ മെഹ്റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വിവാഹിതയായി. യുവ വ്യവസായിയും റിയൽ എസ്റ്റേറ്റ്, ഐടി മേഖലകളിൽ സംരംഭങ്ങൾക്ക് ഉടമയുമായ ഷെയ്ഖ് മനാ ബിൻ മുഹമ്മദ് അൽ മക്തുമാണ് വരൻ.
യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായി ഒന്നാം ഉപഭരണാധികാരി ഷെയ്ഖ് മക്തും ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, ദുബായിയുടെ രണ്ടാം ഉപഭരണാധികാരകി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഉൾപ്പടെയുള്ള പ്രമുഖരുടെ നിര ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു.
യുകെ യുണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർനാഷനൽ റിലേഷൻസിൽ ബിരുദധാരിയായ ഷെയ്ഖ മെഹ്റ, ദുബായിയുടെ സാംസ്കാരിക മേളകളിലെ സ്ഥിരം സാന്നിധ്യമാണ്. പിതാവ് ഷെയ്ഖ് മുഹമ്മദിന്റെ കുതിരക്കമ്പം ഷെയ്ഖ മെഹ്റയ്ക്കുമുണ്ട്. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിൽ നിന്നു മൃഗങ്ങളോടും പക്ഷികളോടുമുള്ള രാജകുമാരിയുടെ സ്നേഹവും മനസ്സിലാക്കാം. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മനാ അൽ മക്തുമിന്റെ മകനാണ് ഷെയ്ഖ് മനാ. കുതിരപ്പന്തയത്തിൽ പങ്കെടുക്കാറുള്ള ഷെയ്ഖ് മനാ കുതിരയോട്ടത്തിലും കഴിവു തെളിയിച്ചിട്ടുണ്ട്. ഫുട്ബോളിന്റെയും ആരാധകനാണ് ഷെയ്ഖ് മനാ.