1991ൽ ഐ.വി. ശശി ചിത്രമായ ‘നീലഗിരി’യിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്കൊപ്പം കൂടിയ ആളാണ് ജോർജ്. അന്നുമുതൽ ഇന്നുവരെ മമ്മൂട്ടിയുടെ സന്തതസഹചാരിയായി എവിടെയും ജോർജ് ഉണ്ട്. മേക്കപ്പ് മാനായി യാത്ര തുടങ്ങിയ അദ്ദേഹം ഇന്ന് മലയാളം ഫിലിം ഇൻഡസ്ട്രിയിലെ പ്രമുഖ നിർമാതാവ് കൂടിയാണ്. ആദ്യ പടത്തിന് ശേഷം 25ൽ അധികം ചിത്രങ്ങളിൽ മമ്മൂട്ടിയുമായി സഹകരിച്ച ജോർജ് പിന്നീട് താരത്തിന്റെ പേഴ്‌സണൽ മേക്കപ്പ് മാനായി മാറുകയായിരുന്നു. ഇതിനിടയിൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച മേക്കപ്പ്മാനുള്ള അവാർഡും ജോർജ് നേടിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ജോർജിന്റെ മകൾ സിന്തിയയുടെ മധുരംവെപ്പ് ചടങ്ങ്. വിവാഹത്തോടനുബന്ധിച്ച് കൊച്ചി ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ മെഗാസ്റ്റാർ മമ്മൂട്ടിയും ദുൽഖറും കുടുംബസമേതം എത്തിച്ചേർന്നിരുന്നു. മമ്മൂട്ടിയും ദുൽഖറിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ജോർജ്.
അഖില്‍ ആണ് സിന്തിയയുടെ വരന്‍. നടന്‍ രമേഷ് പിഷാരടിയും മധുരംവെപ്പ് ചടങ്ങിനു എത്തിച്ചേർന്നിരുന്നു. ചടങ്ങിലെ താരങ്ങളുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് .
മമ്മൂട്ടി നായകനായി എത്തിയ മായാവി എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് ആയിരുന്നു. മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ‘ഇമ്മാനുവൽ’ എന്ന ചിത്രം നിർമ്മിച്ചതും ജോർജാണ്. അച്ചാ ദിന്, പുഴു പോലുള്ള ചിത്രങ്ങളുടെ നിർമാതാവും ജോർജ് തന്നെ. മമ്മൂട്ടിയ്ക്ക് ഒപ്പം റോഷാക്ക് എന്ന ചിത്രത്തിൽ ചില രംഗങ്ങളിലും ജോർജ് പ്രത്യക്ഷപ്പെട്ടിരുന്നു.