ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കാന്ത തിയേറ്ററുകളിലേക്ക് എത്തുകയാണ്. സെല്‍വമണി സെല്‍വരാജ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം ദുല്‍ഖര്‍ സല്‍മാനും റാണ ദഗ്ഗുബട്ടിയും ചേര്‍ന്നാണ്. തെലുങ്കിലും തമിഴിലുമായാണ് സിനിമ എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ കേരള പ്രസ് മീറ്റ് നടന്നിരുന്നു. അതില്‍ നിന്നുള്ളൊരു വിഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.
വേദിയില്‍ സംസാരിക്കവെ മമ്മൂട്ടിയുടെ ഡയലോഗ് പറയുന്ന ദുല്‍ഖറിന്റെ വിഡിയോയാണ് വൈറലാകുന്നത്. ”എല്ലാവരും കാന്ത കണണം. ഇത് എനിക്ക് മറക്കാന്‍ പറ്റാത്ത സിനിമയാണ്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കും അതുപോലെ തന്നെയാകും എന്ന് വിശ്വസിക്കുന്നു. പണ്ടൊരാള്‍ പറഞ്ഞത് പോലെ നിങ്ങള്‍ ടിക്കറ്റ് എടുത്ത് നോക്ക്. എന്തായാലും ഇഷ്ടപ്പെടും” എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.
ഭീഷ്മ പര്‍വ്വത്തിന്റെ റിലീസിന് മുമ്പായി മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ദുല്‍ഖര്‍ ആവര്‍ത്തിച്ചിരിക്കുന്നത്. അന്ന് എന്തുകൊണ്ട് ഭീഷ്മ പര്‍വ്വം കാണണം എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക് എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ആ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. മമ്മൂട്ടി അന്ന് പറഞ്ഞത് അതുപോലെ തന്നെ ദുല്‍ഖറും ആവര്‍ത്തിച്ചിരിക്കുകയാണ് ഇപ്പോള്‍.







