നടൻ ദുൽഖർ സൽമാന്റെ കാർ വിട്ടു നൽകും. 20 ശതമാനം ബാങ്ക് ഗ്യാരണ്ടിയിലാണ് ലാൻഡ് റോവർ ഡിഫെൻഡർ വിട്ടു നൽകുന്നത്. കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെതാണ് ഉത്തരവ്. വാഹനം കേരളത്തിന് പുറത്തേക്ക് കൊണ്ട് പോകരുതെന്നും എപ്പോൾ വിളിപ്പിച്ചാലും വാഹനം ഹാജരാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ദുൽഖറിനൊപ്പം റോബിൻ എന്നയാളുടെ വാഹനം കൂടി വിട്ടു നൽകുമെന്ന് കസ്റ്റംസ് അറിയിച്ചു.
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദുൽഖറിന്റെ അപേക്ഷയിൽ പത്ത് ദിവസത്തിനകം കസ്റ്റംസ് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണർ കമ്മീഷണർ ദുൽഖറിന്‍റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിടുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റോവര്‍ വിട്ടുകിട്ടാൻ ദുല്‍ഖര്‍ അപേക്ഷ നല്‍കിയത്.
ഭൂട്ടാനില്‍ നിന്ന് കടത്തി ഇന്ത്യയിലെത്തിച്ച കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്. അന്വേഷണം തുടങ്ങി ഒരു മാസം പിന്നിടുമ്പോഴും ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയ 39 വാഹനങ്ങള്‍ക്കപ്പുറം കൂടുതലായൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസില്‍ ഷൈൻ മോട്ടോഴ്സ് ഉടമകള്‍ കോയമ്പത്തൂരിലെ ഇടനില സംഘമാണെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധനയ്ക്കായി നല്‍കിയ രേഖകളുടെയും ഇലക്ട്രോണിക് തെളിവുകളുടെയും വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഇ.ഡി.









