Spread the love

‘കിങ് ഓഫ് കൊത്ത’യ്ക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ദുൽഖർ നായകനായ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ‘ഐ ആം ഗെയിം’ എന്നാണ് ചിത്രത്തിന് പേരു നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.

സൂപ്പർഹിറ്റ് വിജയം നേടിയ ‘ആർഡിഎക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നഹാസ് ഹിദായത്താണ് ഐ ആം ഗെയിം സംവിധാനം ചെയ്യുന്നത്. ചീട്ടും ക്രിക്കറ്റ് ബാളും കൈയ്യിൽ പിടിച്ചിരിക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. കൈയ്യിലെ പരിക്കും പോസ്റ്ററിലുണ്ട്. മാസ് എന്റർടെയ്നർ ചിത്രമായിരിക്കും ഐ ആം ഗെയിം എന്നാണ് സൂചന.

ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമുള്ള ദുൽഖറിന്റെ മലയാളത്തിലേക്കുള്ള മടങ്ങി വരവിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. നഹാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ആദർശ് സുകുമാരൻ, ഷഹബാസ് റഷീദ് എന്നിവരാണ് സംഭാഷണം.

ജേക്സ് ബിജോയ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങും അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. അതേസമയം, വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കറാണ് ദുൽഖറിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളം അടക്കം വിവിധ ഭാഷകളിൽ എത്തിയ ചിത്രം വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നേടിയത്.

Leave a Reply