Spread the love

പത്തനംതിട്ട∙ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലിക്കായി എത്തി ഹാജർ രേഖപ്പെടുത്തിയ ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയ്ക്കായി പോയവർക്ക് സസ്പെൻഷൻ. പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിലാണ് സംഭവം. മൂന്നു മേറ്റുമാരെ ഒരു വര്‍ഷത്തേക്കാണ് ഓംബുഡ്സ്മാന്‍ സസ്പെന്‍ഡ് ചെയ്തത്. ഇവരുടെയും 70 തൊഴിലാളികളുടെയും ആ ദിവസത്തെ വേതനം കുറയ്ക്കണമെന്നും ഉത്തരവില്‍ അറിയിച്ചു.

ഹാജർ രേഖപ്പെടുത്തി ഫോട്ടോ എടുത്ത ശേഷം മേറ്റുമാരും തൊഴിലാളികളും ഡിവൈഎഫ്ഐയുടെ മനുഷ്യ ചങ്ങലയ്ക്ക് പോയതാണ് വിവാദമായത്. ഇതിനെതിരെ കോണ്‍ഗ്രസും ബിജെപിയും നല്‍കിയ പരാതിയിലാണ് നടപടി. പരാതി ഉയർന്നതിനെ തുടർന്ന് ഉദ്യോഗസ്ഥർ തൊഴിൽ സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ തൊഴിലാളികൾ സ്ഥലത്തില്ലെന്ന് വ്യക്തമായിരുന്നു.

കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരായ പ്രതിഷേധ ശൃംഖലയായിട്ടാണ് ഡിവൈഎഫ്ഐ ഇക്കഴിഞ്ഞ ജനുവരി 20ന് കേരളത്തിൽ മനുഷ്യച്ചങ്ങല തീർത്തത്. കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽ നിന്നാരംഭിച്ച് തിരുവനന്തപുരം രാജ്ഭവൻ വരെയുള്ള മനുഷ്യച്ചങ്ങല ദേശീയ പാത വഴിയാണ് സംഘടിപ്പിച്ചത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലയിലെ പ്രവർത്തകർ അടുത്ത ജില്ലകളിലെ ചങ്ങലയിലാണ് പങ്കാളികളായത്.

Leave a Reply