തിരുവനന്തപുരം∙ ഹെൽമറ്റ് ധരിക്കാത്ത ഡിവൈഎഫ്ഐ നേതാവിനു പിഴ ചുമത്തുകയും ഇതിൽ പ്രതിഷേധിച്ച് പേട്ട പൊലീസ് സ്റ്റേഷനിലേക്കു തള്ളിക്കയറിയ സിപിഎം നേതാക്കളെ തടയുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടിയിൽ വ്യാപക പ്രതിഷേധം. ഡിവൈഎഫ്ഐ നേതാവിനു പിഴയിട്ടവർക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ സിപിഎം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്തിട്ടില്ല. പേട്ട സ്റ്റേഷനിലെ എസ്ഐമാരായ എസ്.അസീം, എം.അഭിലാഷ്, ഡ്രൈവർ എം.മിഥുൻ എന്നിവരെയാണ് സ്ഥലംമാറ്റിയത്. എസ്ഐമാരെ ക്രമസമാധാനച്ചുമതലയിൽ നിന്നു ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എആർ ക്യാംപിലേക്കും മാറ്റി കമ്മിഷണർ ഉത്തരവിട്ടു. എസ്ഐ അഭിലാഷിനെതിരെയാണ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്.
സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎയുടെ സമ്മർദത്തിനു വഴങ്ങിയുള്ള സർക്കാർ നടപടിയിൽ പൊലീസിനുള്ളിലും അമർഷം ശക്തമാണ്. ഉദ്യോഗസ്ഥരുടെ വാദം കേൾക്കാതെ സിപിഎം നേതാക്കളുടെ നിർദേശം അപ്പാടെ നടപ്പാക്കുകയായിരുന്നുവെന്നാണ് പൊലീസിനുള്ളിലെ ആക്ഷേപം. നർകോട്ടിക് അസി.കമ്മിഷണർ ബാലകൃഷ്ണനാണ് അന്വേഷണച്ചുമതല. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ എസ്ഐമാർ ക്രൈംബ്രാഞ്ചിൽ തുടരണം. പൊലീസ് സ്റ്റേഷനിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ഇന്നോ നാളെയോ പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു.വാഹനപരിശോധനയ്ക്കിടയിൽ ഡിവൈഎഫ്ഐ നേതാവിനെ അസഭ്യം വിളിച്ച് മർദിച്ചെന്നും ഇതു ചോദിക്കാനെത്തിയ സിപിഎം നേതാക്കളെ അടിച്ചോടിച്ചെന്നുമാണ് ഉദ്യോഗസ്ഥർക്കെതിരായ പരാതി. ചൊവ്വ വൈകിട്ട് 4.30ന് ഒരുവാതിൽക്കോട്ട റോഡിൽ എസ്ഐമാരായ അഭിലാഷ്, അസീം എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുമ്പോൾ ബൈക്കിലെത്തിയ ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് ട്രഷറർ വി.നിഥിനെ തടഞ്ഞുനിർത്തിയതായിരുന്നു തുടക്കം. ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ആവശ്യപ്പെട്ടപ്പോൾ താൻ ഡിവൈഎഫ്ഐ ഭാരവാഹിയാണെന്നും അത്യാവശ്യകാര്യത്തിന് പുറത്തിറങ്ങിയപ്പോൾ ഹെൽമറ്റ് ധരിക്കാൻ മറന്നുപോയതാണെന്നും പറഞ്ഞു.
ഡിവൈഎഫ്ഐ നേതാവല്ല ആരുതന്നെ ആയാലും പിഴ നൽകണമെന്ന് എസ്ഐമാർ പറഞ്ഞു. ഇതോടെ തർക്കമായി. എസ്ഐമാരും ഡ്രൈവറും വളഞ്ഞതോടെ നിഥിൻ അവിടെനിന്നു കടന്നു. തന്നെ എസ്ഐ തെറിവിളിച്ച് മർദിച്ചെന്ന് ആരോപിച്ച് 6 മണിയോടെ സിപിഎം നേതാക്കളെയും കൂട്ടി നിഥിൻ സ്റ്റേഷനിലെത്തി. എസ്ഐമാർ വന്ന പൊലീസ് ജീപ്പ് സ്റ്റേഷനു മുൻപിൽ സിപിഎം നേതാക്കൾ തടഞ്ഞു. പ്രതിഷേധക്കാരും പൊലീസുകാരും തമ്മിൽ തെറിവിളിയും കയ്യാങ്കളിയുമായി. ഇതോടെ പൊലീസുകാർ ലാത്തിവീശി പ്രതിഷേധക്കാരെ വിരട്ടിയോടിച്ചു.
പിന്നീട് ജില്ലാ സെക്രട്ടറി വി.ജോയി, വഞ്ചിയൂർ ഏരിയാ സെക്രട്ടറി ലെനിൻ, മുൻ മേയർ കെ.ശ്രീകുമാർ, കൗൺസിലർ ഡി.ആർ.അനിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്കു തള്ളിക്കയറുകയും ഉദ്യോഗസ്ഥരെ തെറിവിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടു തവണ തള്ളിക്കയറിയ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഒടുവിൽ എസ്ഐമാരെ ക്രമസമാധാനച്ചുമതലയിൽ നിന്നു മാറ്റി അന്വേഷണം നടത്താമെന്ന് ഡിസിപി ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.