30 ജില്ലാ, ജനറൽ ആശുപത്രികളിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 14.99 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി സാക്ഷാത്ക്കരിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ടെറിഷ്യറി കെയർ ആശുപത്രികളിൽ കൂടി പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വികസിപ്പിച്ച 600 ഓളം കേന്ദ്രങ്ങളിലും 12 മെഡിക്കൽ കോളേജുകളിലും തെരഞ്ഞെടുക്കപ്പെട്ട ജില്ല, ജനറൽ ആശുപത്രികളിലും ഇ ഹെൽത്ത് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സർക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പ് 1284 ആശുപത്രികളിലും ഇ ഹെൽത്ത് നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കുടുംബരോഗ്യ കേന്ദ്രങ്ങളെ അപേക്ഷിച്ച് താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന് ഭാരിച്ച തുക ആവശ്യമാണ്. എങ്കിലും ഇ ഹെൽത്ത് പദ്ധതിയുടെ സേവനം കൂടുതൽ ടെറിഷ്യറി കെയർ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യഘട്ടത്തിൽ 30 ജില്ല, ജനറൽ ആശുപത്രികളിലെ ഒപി വിഭാഗത്തിൽ ഇ ഹെൽത്ത് ആരംഭിക്കുന്നത്. ഇതോടെ ഈ ആശുപത്രികളിൽ തിരക്കൊഴിവാക്കി മെച്ചപ്പെട്ട സേവനം ലഭ്യമാകും.