ഇലക്ട്രോണിക്സ് സംവിധാനത്തിലൂടെ രോഗീ സൗഹൃദ ചികിത്സ
സംസ്ഥാനത്തെ 402 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 176 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണെന്നും ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 150 ആശുപത്രികളിൽ കൂടി ഇ-ഹെൽത്ത് സേവനം ഉടൻ ലഭ്യമാക്കും. 70,000 കൺസൾട്ടേഷനും 20,000 പ്രിസ്‌ക്രിപ്ഷനും, 6,500 ലാബ് പരിശോധനകളുമാണ് പ്രതിദിനം ഇ-ഹെൽത്തിലൂടെ നടത്തുന്നത്. ഇലക്ട്രോണിക്സ് സംവിധാനത്തിലൂടെ രോഗീ സൗഹൃദ ചികിത്സ ഉറപ്പാക്കും. ഈ ബജറ്റിൽ ഇ-ഹെൽത്ത് പദ്ധതിയ്ക്കായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ആരോഗ്യ മേഖലയെ സമ്പൂർണമായും ഡിജിറ്റലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള അമ്പതിനായിരത്തോളം വരുന്ന ആരോഗ്യ പ്രവർത്തകർക്ക് സഹായകരമാണ് ഇ-ഹെൽത്ത് സംവിധാനം. അടുത്തവർഷം 200 ആശുപത്രികളിൽ കൂടി ഇ-ഹെൽത്ത് നടപ്പിലാക്കും. ഇതിലൂടെ പ്രതിദിനം ഒരു ലക്ഷം പേർക്ക് ഇ-ഹെൽത്ത് സേവനം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രതിദിനം 50,000 ഓൺലൈൻ അപ്പോയ്മെന്റ്, 10,000 ലാബ് റിപ്പോർട്ട് എന്നിവയും ലക്ഷ്യമിടുന്നുണ്ട്. 50 ലക്ഷം ജനങ്ങളുടെ ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിർണത്തിനായി ശൈലി ആപ്പ് സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.
ഒരാൾ ആശുപത്രിയിലെത്തി മടങ്ങുന്നതുവരെ പേപ്പർ രഹിത സംവിധാനമാക്കുകയാണ് ലക്ഷ്യമിടുന്നത്. എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെൽത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴിൽ ഓൺലൈൻ വഴി ചെയ്യാൻ കഴിയുന്നു. ഈ പദ്ധതിയിലൂടെ ഓൺലൈനായി വീട്ടിലിരുന്ന് തന്നെ ഒപി ടിക്കറ്റും ആശുപത്രി അപ്പോയ്‌മെന്റെടുക്കാനും സാധിക്കും. ഇതിലൂടെ അവരവരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.