സമൂഹത്തിലെ എല്ലാ വിഭാഗം തൊഴിലാളികളും നാടിന്റെ സാമ്പത്തിക വികസനത്തിന്റെ അഭിഭാജ്യ ഘടകമാണ്. അവരുടെ വികസനവും ക്ഷേമവും മുന്നിൽകണ്ട് ഡാറ്റ ബേസ് തയ്യാറാക്കി, രാജ്യത്താകെ ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്ന പദ്ധതിയാണ് ഇ-ശ്രം. കേരളത്തിൽ അസംഘടിതമേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളെ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കാൻ കൃത്യമായ ഇടപെടലാണ് സർക്കാർ നടത്തിയത്.
ഇതുമൂലം സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോർഡുകളിലും അംഗങ്ങളായിട്ടുള്ള അസംഘടിത തൊഴിലാളികളെ രജിസ്റ്റർ ചെയ്യിക്കുന്നതിനു അതതു ബോർഡുകൾ മുൻകൈ എടുത്തിട്ടുണ്ട്. കേരളത്തിൽ 2021 നവംബർ 1ന് ആരംഭിച്ച ഇ-ശ്രം പദ്ധതിയിൽ ഇതിനകം 57,34,385 പേരാണ് രജിസ്റ്റർ ചെയ്ത് തിരിച്ചറിയൽ കാർഡ് സ്വന്തമാക്കിയിട്ടുളളത്.
ഇ-ശ്രം രജിസ്ട്രേഷനായി സംസ്ഥാനത്തു ഭിന്നശേഷിക്കാരായ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും, അന്യ സംസ്ഥാന തൊഴിലാളികൾക്കും വേണ്ടി പ്രത്യേക ക്യാമ്പുകൾ നടത്തിയിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ച് രജിസ്ട്രേഷൻ ത്വരിതഗതിയിലാക്കാൻ സർക്കാർ മുൻകൈ എടുത്തിരുന്നു.
നിർമാണ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, കർഷക തൊഴിലാളികൾ, സ്വയം തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർ, ആശാ വർക്കർമാർ, അംഗൻവാടി വർക്കർമാർ, അസംഘടിത മേഖലയിലുള്ള തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പു തൊഴിലാളികൾ തുടങ്ങി അസംഘടിത മേഖലയിലുള്ള 16 നും 59 വയസു പ്രായത്തിനും മധ്യേയുള്ള പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തവരും ആദായ നികുതി പരിധിയിൽ വരാത്തവരുമായ എല്ലാ തൊഴിലാളികൾക്കും ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
ആധാറുമായി ബന്ധപ്പെടുത്തിയ മൊബൈൽ നമ്പർ, ദേശസാൽകൃത ബാങ്ക് നൽകിയിട്ടുള്ള പാസ് ബുക്ക് എന്നിവ ഉപയോഗിച്ച് www.eshram.gov.in എന്ന സൈറ്റിൽ ഇ-ശ്രം രജിസ്ട്രേഷൻ നടത്താം. കൂടാതെ അക്ഷയ സെന്ററുകൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവ വഴിയും പൂർണമായും സൗജന്യമായി രജിസ്‌ട്രേഷൻ നടത്താം. ആധാർ ഉൾപ്പെടുത്തിയ മൊബൈൽ ഫോൺ വഴി തൊഴിലാളികൾക്ക് സ്വന്തമായി രജിസ്റ്റർ ചെയ്യാനുമാകും. ഇപ്പോഴും പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്.
പിഎംഎസ്ബിവൈ പദ്ധതി പ്രകാരം അപകട മരണത്തിനും പൂർണ അംഗ വൈകല്യത്തിനും രണ്ടു ലക്ഷം രൂപയും, ഭാഗിക വൈകല്യത്തിന് ഒരു ലക്ഷം രൂപയും ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് സഹായം ലഭിക്കും. കൂടാതെ ദുരന്ത സമയങ്ങളിൽ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സഹായ തുക കൈമാറൽ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ഇതിലൂടെ ലഭ്യമാവും.