തിരുവനന്തപുരം കിഴക്കേക്കോട്ട നടപ്പാലം അവസാനമിനുക്കുപണിയില്‍.പൊതുസ്ഥലത്ത് വെക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ എല്‍.ഇ.ഡി വാള്‍ അടക്കമുള്ള സംവിധാനങ്ങളാണ് നടപ്പാലത്തിനൊപ്പം ഒരുങ്ങുന്നത്. രണ്ട് വര്‍ഷം മുന്‍പ് തറക്കല്ലിട്ട പദ്ധതിയുടെ നിര്‍മാണം കോവിഡ് പ്രതിസന്ധിയില്‍ നീണ്ട് പോയിരുന്നു.
നഗരത്തിനകത്തേക്കും പുറത്തേക്കുമെത്തുന്ന ബസുകളും സ്വകാര്യവാഹനങ്ങളുമെല്ലാം എത്തിച്ചേരുന്നത് ഇയൊരു സ്ഥലത്തേക്കാണ്. ഈ തിരക്കിനിടയില്‍ റോഡ് മുറിച്ച് കടക്കുന്നതിന് കാല്‍നട യാത്രക്കാര്‍ ഏറെ വലയും. സിഗ്നലിന് കാക്കാതെ റോഡ് മുറിച്ച് കടക്കുന്നതും പതിവ്.
100 മീറ്ററിലധികം വരുന്ന നടപ്പാലം ഉയരുന്നതോടെ ഇനി മൂന്ന് ദിശയിലേക്ക് പോകേണ്ടവര്‍ക്കും യഥേഷ്ടം സഞ്ചരിക്കാം. ഒരു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് ചുമതലയുള്ള കമ്പനി അറിയിക്കുന്നതെങ്കിലും എന്ന് യാത്രക്കാര്‍ക്കായി തുറന്നു നല്‌കാമെന്നതില്‍ വ്യക്തതയില്ല. നട കയറി പാലത്തിലെത്താന്‍ സാധിക്കാത്തവര്‍ക്കായി ലിഫ്റ്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നടപ്പാലത്തിനുള്‍വശം എളുപ്പം കാണാന്‍ സാധിക്കാത്തതിനാല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുന്നു എന്ന പരാതിയും ഉയര്‍ന്നിരുന്നു. അതുകൊണ്ട് വിവിധയിടങ്ങളിലായി സിസിടിവി സ്ഥാപിക്കുന്നതിനുള്ള നടപടി ഉണ്ടാവും.600 സ്ക്വയര്‍ ഫീറ്റ് വരുന്ന എല്‍.ഇ.ഡി. വാളിന് പുറമേ പരസ്യം നല്‍കുന്നതിനായുള്ള ത്രീഡി ഹോര്‍ഡിങ്ങുമുണ്ടാവും. പരസ്യവരുമാനം പത്തുവര്‍ഷത്തെക്ക് നിര്‍മാണ കമ്പനിക്ക് ലഭിക്കുന്ന തരത്തിലാണ് കോര്‍പറേഷന്‍ കരാര്‍ ചെയ്തിരിക്കുന്നത്. നിര്‍മാണ ചെലവ് കൂടിയതിനാല്‍ പത്തു വര്‍ഷത്തിലധികം നീട്ടാനുള്ള സാധ്യതയുമുണ്ട്.