മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥ വീണ്ടും തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. 1989ൽ ആദ്യമായി തിയേറ്ററുകളിലെത്തിയപ്പോൾ വലിയ വിജയമായിരുന്നു സിനിമ സ്വന്തമാക്കിയത്. സംസ്ഥാന- ദേശീയ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം അന്തരിച്ച സാഹിത്യകാരൻ എംടി വാസുദേവൻ നായർക്കുള്ള ആദരം കൂടിയായാണ് റീ റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ചില കഥകൾ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.
‘കൊല്ലങ്കോട് കൊട്ടാരത്തിലായിരുന്നു ആദ്യ ചിത്രീകരണം നടന്നത്. ചന്തുവിന്റെ കഴുത്തിൽ രുദ്രാക്ഷ മാല വേണം. പിച്ചള മമ്മൂട്ടിക്ക് അലർജിയാണ്. സ്വർണത്തിൽ തീർത്ത മാലയാണ് സിനിമയിൽ മമ്മൂട്ടിക്കായി തയ്യാറാക്കിയത്. കൊട്ടാരത്തിന്റെ സമീപത്തായി മത്സ്യമാംസാദികൾ പാടില്ലെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാൽ മമ്മൂട്ടിക്ക് ഇവയില്ലാതെ ആഹാരം കഴിക്കുന്നത് ചിന്തിക്കാനാവില്ല. സസ്യാഹാരത്തിൽ പ്രതിഷേധിച്ച് ഒരുദിവസം മമ്മൂട്ടി ആഹാരം ഉപേക്ഷിച്ചു. പിറ്റേന്ന് മുതൽ റോഡിൽ കാറിലിരുന്നാണ് മമ്മൂട്ടി ഭക്ഷണം കഴിച്ചത്. അന്ന് കാരവാനില്ലായിരുന്നു’- തന്റെ യുട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് വിവരിച്ചു.
മാതൃഭൂമി ഡയറക്ടറും ചലച്ചിത്ര നിർമാതാവുമായിരുന്ന പി.വി. ഗംഗാധരൻ എം.ടി. വാസുദേവൻ നായർക്കും ഹരിഹരനും മമ്മൂട്ടിക്കുമൊപ്പം ചേർന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിലൂടെ മലയാളത്തിന് സമ്മാനിച്ച മികവുറ്റ സിനിമകളിലൊന്നാണ് ‘ഒരു വടക്കൻ വീരഗാഥ’. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലൻ കെ നായർ, ക്യാപ്ടൻ രാജു തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. കെ രാമചന്ദ്ര ബാബു ഛായാഗ്രാഹണം നിർവഹിച്ച ചിത്രത്തിനായി ബോംബെ രവി സംഗീതമൊരുക്കി. എം എസ് മണിയായിരുന്നു എഡിറ്റിംഗ്.മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടി നേടിയപ്പോൾ മികച്ച തിരക്കഥ, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച വസ്ത്രാലങ്കാരം എന്നീ മേഖലകളിലും ചിത്രം നേട്ടം സ്വന്തമാക്കി. കൂടാതെ എട്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ചിത്രം നേടിയിട്ടുണ്ട്.