Spread the love

ന്യൂഡൽഹി∙ ഡൽഹി മദ്യനയക്കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഒൻപതാമത്തെ സമൻസ് അയച്ചു. മാർച്ച് 21ന് മുൻപ് ഹാജാരാകാനാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതുമായ ബന്ധപ്പെട്ട പരാതികളിൽ കഴിഞ്ഞ ദിവസം അരവിന്ദ് കേജ്‌രിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത സമൻസ്.

ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി 8 തവണ നോട്ടിസ് നൽകിയെങ്കിലും കേ‌ജ്‌രിവാൾ ഹാജരായിരുന്നില്ല. ഇതിനെതിരെയുള്ള ഹർജിയിൽ അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് സമൻസ് അയച്ചിരുന്നു. തുടർന്ന് ശനിയാഴ്ച കോടതിയിൽ ഹാജരായ കേജ്‌രിവാളിനു ജ‍ഡ്ജി ദിവ്യ മൽഹോത്ര ജാമ്യം അനുവദിക്കുകയായിരുന്നു.

സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണു പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിച്ചത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് റജിസ്റ്റർ ചെയ്തു. വിവാദമായതോടെ കഴിഞ്ഞ വർഷം ജൂലൈ 31ന് ഈ മദ്യനയം പിൻവലിച്ചു.

Leave a Reply