കൊൽക്കത്ത∙ ബംഗാളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം. റേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് തല നേതാക്കളുടെ വീട്ടിൽ പരിശോധനയ്ക്ക് പോകുമ്പോൾ സന്ദേശ്കലി ഗ്രാമത്തിൽ വച്ചാണ് സംഭവം നടക്കുന്നത്. രണ്ട് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. ഇവർ സഞ്ചരിച്ച വാഹനവും തകർത്തു.
തൃണമൂൽ കോൺഗ്രസ് നേതാക്കളായ ശങ്കർ ആദ്യ, ഷെയ്ക് ഷാജഹാൻ എന്നിവരുടെ വീടുകളിലേക്കാണ് ഇഡി സംഘം റെയ്ഡ് നടത്തിയത് . ഇഡി വരുന്ന വിവരം അറിഞ്ഞ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നേതാക്കൻമാരുടെ വീടിനു സമീപത്തെത്തുകയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനം നശിപ്പിക്കുകയുമായിരുന്നു. എട്ടുപേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥൻ പറഞ്ഞു.