അനധികൃത ഖനനക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാഴാഴ്ച ഒന്‍പതര മണിക്കൂറിലേറെ ചോദ്യം ചെയ്തു. ഉച്ചയോടെ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ റാഞ്ചി ഓഫീസിലെത്തിയ സോറന്‍ രാത്രി 9.40 ഓടെയാണ് പുറത്തിറങ്ങിയത്. ഇഡി ഓഫീസിലേക്ക് പുറപ്പെടുന്നതിന് മുമ്പ് താന്‍ പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയുടെ ഇരയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഇതുവരെ 1000 കോടിയിലധികം രൂപയുടെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട അഴിമതിയാണ് കണ്ടെത്തിയതെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. സ്റ്റോണ്‍ ചിപ്പ് ഖനനത്തില്‍ നിന്നുള്ള വാര്‍ഷിക വരുമാനം കണക്കാക്കിയാല്‍, അത് 1,000 കോടി രൂപയില്‍ എത്തില്ലെന്ന് സോറന്‍ പറഞ്ഞു.
നവംബര്‍ 3 ന് സോറനെ ED ആദ്യം വിളിപ്പിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായില്ല. മാത്രമല്ല അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. സമന്‍സ് മൂന്നാഴ്ചത്തേക്ക് മാറ്റിവയ്ക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. കേസില്‍ സോറന്റെ രാഷ്ട്രീയ സഹായി പങ്കജ് മിശ്രയെയും മറ്റ് രണ്ട് പേരെയും ഏജന്‍സി ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.