പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വമായി വിദ്യാഭ്യാസം മാറി : മന്ത്രി കെ രാജന്‍
കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ വിദ്യാഭ്യാസം പൊതുസമൂഹത്തിന്റെകൂടി ഉത്തരവാദിത്വമായി മാറിയെന്ന് മന്ത്രി കെ രാജന്‍. ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതില്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന സഹകരണം വിലമതിക്കാനാവാത്തതാണെന്നും മന്ത്രി പറഞ്ഞു. കട്ടിലപൂവ്വം സര്‍ക്കാര്‍ സ്‌കൂളിലെ ഡിജിറ്റല്‍ ഡിവൈസ് ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കലാലയങ്ങള്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ശൂന്യതയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. രാജ്യത്തുതന്നെ ഡിജിറ്റല്‍ വിദ്യാഭ്യാസം വിജയകരമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഒരു വിദ്യാര്‍ത്ഥിയുടെപോലും പഠനം മുടങ്ങരുത്. സമൂഹവും അതിനായി സഹകരിക്കണം. ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ ജൂലൈ മാസത്തോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം എല്ലാ വിദ്യാര്‍ത്ഥികളിലും എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ഡിജിറ്റല്‍ ലൈബ്രറിയെന്നത് ഒരു മികച്ച ആശമാണെന്നും പൊതുവിദ്യാലയങ്ങളുടെ പൂങ്കാവനങ്ങള്‍ എത്രയുംവേഗം സജ്ജീവമാകട്ടേയെന്നും മന്ത്രി പറഞ്ഞു. കട്ടിലപൂവ്വം സ്‌കൂളിന്റെ വികസനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും രണ്ട് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാന്‍ കഴിയുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ചടങ്ങില്‍ സ്‌കൂളിലേക്ക് ആദ്യഘട്ടത്തിൽ ശേഖരിച്ച 40 മൊബൈല്‍ ഫോണുകള്‍ പൂര്‍വ്വ അധ്യാപിക സാറാമ്മ ടീച്ചറില്‍ നിന്ന് മന്ത്രി ഏറ്റവാങ്ങി.
വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യത്തിന് സ്മാര്‍ട്ട് ഫോണുകളും ലാപ്ടോപ്പും ടാബുകളും സജ്ജമാക്കി ഡിവൈസ് ലൈബ്രറിയാണ് സ്‌കൂളില്‍ തയ്യാറാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ പഠനത്തിന് ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് ലൈബ്രറിയില്‍ നിന്ന് ഇവ സൗജന്യമായി എടുത്ത് ഉപയോഗിക്കാം. അധ്യായന വര്‍ഷം കഴിയുമ്പോൾ ഉപയോഗശേഷം ഫോണ്‍ തിരികെ നല്‍കണം. അതുകൊണ്ട് കൂടുതല്‍ പേര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയും. വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രദേശത്തെ സന്നദ്ധ കൂട്ടായ്മകള്‍, അധ്യാപകര്‍ തുടങ്ങിയവരാണ് ഡിവൈസ് ലൈബ്രറിയിലേക്ക് സ്മാര്‍ട്ട് ഫോണുകള്‍ എത്തിക്കുന്നതിന് സഹായം എത്തിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗം പി.എസ് വിനയന്‍ അധ്യക്ഷത വഹിച്ചു. മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹന്‍, വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ഒല്ലൂക്കര ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സുരേഷ് ബാബു, പ്രിന്‍സിപ്പാള്‍ കെ എം ഏലിയാസ്, ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.