കുട്ടികളെ തോൽപ്പിക്കുക എന്നത് സർക്കാർ നയമല്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നത് ബാലപീഠനമായി കണക്കാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചില സ്കൂളുകളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നൽകുന്നതിന് കുട്ടികൾക്ക് അഭിമുഖവും പരീക്ഷയും നടത്തുന്നുണ്ട്. ഇത് ഒരുകാരണവശാലും അനുവദിക്കില്ല. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽ പരീക്ഷ തന്നെ വേണമോയെന്ന കാര്യത്തിൽ പുനർവിചിന്തനം നടത്തുന്ന സമയമാണിത്. ഈ സാഹചര്യത്തിൽ പ്രവേശനപരീക്ഷയും അഭിമുഖവും അനുവദിക്കില്ല.
എറണാകുളത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം ഗൗരവതരമായാണ് സർക്കാർ കാണുന്നത്.ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒറ്റപ്പെട്ട രീതിയിലാണെങ്കിലും റാഗിങ് നടക്കുന്നുണ്ട്. അത് പൂർണമായും ഇല്ലാതാക്കാനും റാഗിങ് തടയാനും ശക്തമായ നടപടി സ്വീകരിക്കും. ബോധവൽകരണവും കൗൺസിലിങ്ങും നടത്തും. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ്ങ് വിരുദ്ധ സെൽ കൊണ്ടുവരുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ അംഗീകാരം ഇല്ലാതെ കേരളത്തിൽ 183 സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. അനുമതിയില്ലാത്ത ഒറ്റ സ്കൂളും അനുവദിക്കില്ല. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് വൈകാതെ നോട്ടീസ് നൽകും. ഖാദർ കമ്മിറ്റി റിപ്പോർട്ട് അടുത്ത അദ്ധ്യയന വർഷത്തിന് മുൻപ് നടപ്പിലാക്കുമെന്നും വിദ്യാഭ്യാസമന്ത്രി ഉറപ്പുനൽകി.