Spread the love

മിതമായ അളവിൽ മുട്ട കഴിക്കുന്നത് ആരോഗ്യകരമാണ് എന്നാണ് വിദഗ്ധർ പറയുന്നത്. ദിവസവും രണ്ടു മുട്ട വീതം കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചറിയാം.ഒരു മുട്ടയിൽ ഏതാണ്ട് 186 മില്ലി ഗ്രാം ഡയറ്ററി കൊളസ്ട്രോൾ ഉണ്ട്. എഴുപതുശതമാനം പേരിലും മുട്ട കൊളസ്ട്രോൾ കൂട്ടില്ല. ബാക്കിയുള്ള 30 ശതമാനത്തിന് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് അല്പം കൂടാം. മറ്റൊരു ഗുണം, മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂട്ടും എന്നതാണ്. മതിയായ അളവിൽ എച്ച്ഡിഎൽ ഉള്ളവരിൽ ഹൃദ്രോഗ സാധ്യത കുറവായിരിക്കും. ഒരു പഠനമനുസരിച്ച് ആറാഴ്ചക്കാലം ദിവസം രണ്ടു മുട്ട വീതം കഴിക്കുന്നത് എച്ച്ഡിഎല്‍– ന്റെ അളവ് 10 ശതമാനം കൂട്ടും.

ബി വൈറ്റമിനുകളായ ജീവകം ബി12, ബി5, ബയോട്ടിൻ, റൈബോഫ്ലേവിൻ, തയാമിൻ, സെലനിയം എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട. ഈ വൈറ്റമിനുകളെല്ലാം ചർമത്തിനും തലമുടിക്കും നഖങ്ങൾക്കും നല്ലതാണ്. ചർമത്തിന്റെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്താനും ഫ്രീ റാഡിക്കലുകളോട് പൊരുതാനും ഇവ സഹായിക്കുന്നു.

ല്യൂട്ടീൻ, സീസാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകൾ മുട്ടയിലുണ്ട്. ഇവ കണ്ണിന്റെ മാക്യുലാർ റീജിയണിലും ഉണ്ട്. മുട്ടയിലുള്ള ല്യൂട്ടീൻ, സീസാന്തിൻ, ഒമേഗ 3 ഇവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. റെറ്റിനയ്ക്ക് നാശം ഉണ്ടാകാതെ സംരക്ഷിക്കാൻ കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ഈ രണ്ട് ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു.കോർണൽ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനമനുസരിച്ച് ഗർഭകാലത്ത് കോളിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശിശുക്കളിൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

Leave a Reply