തൃശൂര്‍: മഴക്കാലത്ത് മാരിവില്‍ വര്‍ണം കണക്കെ കോഴിമുട്ടയിലും നിറവൈവിധ്യം. വെള്ളയും പച്ചയും തവിട്ടും മഞ്ഞയും ഓറഞ്ചുമായി വര്‍ണ വിസ്മയമായിരിക്കുകയാണ് തളിക്കുളം കൈതയ്ക്കല്‍ എസ് എന്‍ കെ സ്‌കൂളിനു സമീപം അമ്പലത്തുവീട്ടില്‍ ഷാഹുല്‍ ഹമീദിൻ്റെ ഫാമിലെ കോഴിമുട്ടകള്‍. നാടന്‍ കോഴി മുതല്‍ ഗ്രാമശ്രീ, ഗ്രാമ ലക്ഷ്മി തുടങ്ങി വ്യത്യസ്ത ഇനങ്ങളിലെ മുപ്പതോളം കോഴികളെ വളര്‍ത്തുന്ന ഷാഹുല്‍ ഹമീദിൻ്റെ വീട്ടില്‍ നിന്ന് മുട്ട വാങ്ങിയവരാണ് ആദ്യം ഞെട്ടിപ്പോയത്. ഒപ്പം അമ്പരപ്പും.
മുട്ട വേവിച്ച് തോട് പൊട്ടിച്ചതോടെ സാധാ മുട്ട തന്നെ! പക്ഷേ വെള്ളക്കരു മാറ്റിയതോടെ ചില മുട്ടകള്‍ക്ക് മഞ്ഞക്കരുവിനു പകരം പച്ച നിറം. മറ്റ് ചിലത് ഓറഞ്ചും തവിട്ട് നിറവുമാണ്. കടും പച്ചയും ഇളം പച്ചയുമായി നിറഭേദമുണ്ട്. പരാതിയുമായി ഉപഭോക്താക്കള്‍ എത്തിയപ്പോഴാണ് ഷാഹുല്‍ ഹമീദും സംഭവം അറിയുന്നത്. തുടര്‍ന്ന് ഏതാനും മുട്ടകള്‍ പച്ചയോടെ പൊട്ടിച്ചുനോക്കി. അതിലും ചിലത് ഇതുപോലെ തന്നെ. എന്നാല്‍ മഞ്ഞക്കരു ഉള്ള മുട്ടകളുമുണ്ട്.
തുടര്‍ന്ന് പതിനഞ്ചോളം മുട്ടകളുമായി ഷാഹുല്‍ ഹമീദ് തളിക്കുളം ഗവ. വെറ്ററിനറി ഡിസ്‌പെന്‍സറിയില്‍ എത്തുകയായിരുന്നു. അവിടെ വെറ്ററിനറി സര്‍ജന്‍ ഡോ. പി ടി സന്തോഷ് മുട്ടകള്‍ പൊട്ടിച്ച് നോക്കിയപ്പോഴും കണ്ടത് ഈവിധം പച്ചയും വെള്ളയും തവിട്ട് നിറങ്ങളുമൊക്കെയാണ്. ഇതേ തുടര്‍ന്ന് വെറ്ററിനറി സര്‍ജന്‍ വെറ്ററിനറി യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടു. ഭക്ഷണത്തില്‍ വരുന്ന മാറ്റമാണ് ഈ നിറ വ്യത്യാസത്തിനു കാരണമെന്നും നേരത്തെ മലപ്പുറം ജില്ലയില്‍ സമാന സംഭവം കണ്ടെത്തിയിട്ടുണ്ടെന്നും യൂണിവേഴ്‌സിറ്റി അറിയിച്ചതായി ഡോ. സന്തോഷ് പറഞ്ഞു.
എന്നാല്‍ ഇത് കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന് തെളിഞ്ഞിട്ടില്ല. ഷാഹുല്‍ ഹമീദിന്റെ ഫാമില്‍ വ്യത്യസ്ത ഇനം കോഴികള്‍ ഉണ്ടെന്നിരിക്കെ ഏത് വിഭാഗത്തില്‍ പെട്ട കോഴിയുടെ മുട്ടയ്ക്കാണ് നിറവ്യത്യാസമെന്ന് കണ്ടെത്തേണ്ടതുണ്ട്. യൂണിവേഴ്‌സിറ്റി കൂടുതല്‍ പഠനങ്ങള്‍ക്കായി മുട്ടകള്‍ ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും വെറ്ററിനറി സര്‍ജന്‍ വ്യക്തമാക്കി.