പിടി ഉഷയുടെ രാജ്യസഭാ നാമനിർദേശത്തെ പരിഹസിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. ‘ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചത്”- കരീമിന്റെ വാക്കുകൾ. അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതല്‍വാദ്, മുൻ ഡിജിപി ആർബി ശ്രീകുമാർ എന്നിവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ടൗൺഹാളിൽ ഭരണഘടനാ സംരക്ഷണസമിതി നടത്തിയ പ്രതിഷേധ സദസ്സിലാണ് എളമരം കരീമിന്റെ പരാമർശം. അയോധ്യ കേസിൽ വിധി പറഞ്ഞ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിച്ചതിനു പിന്നാലെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെക്കുറിച്ച് പറഞ്ഞതിനുപിന്നാലെയായിരുന്നു എളമരം കരീം പിടി ഉഷയെ കുറിച്ച് പറഞ്ഞത്. പിടി ഉഷയുടെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.