
പ്രഭാത സവാരിക്കിടെ വര്‍ക്കലയില്‍ വയോധികനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരിൽ ആറു പേരെ ഹൈക്കോടതി വെറുതെവിട്ടു. കീഴ്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ പ്രതികള്‍ നൽകിയ അപ്പീലിലാണ് തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ആറുപേരെ ഹൈക്കോടതി വെറുതെവിട്ടത്. അഞ്ചാം പ്രതി സുധി നാരായണന്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. കേസില്‍ 13 പേരെ പൊലീസ് അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ഇതില്‍ ആറ് പേരെ വിചാരണയ്ക്കൊടുവിൽ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. ശേഷിച്ച ഏഴു പ്രതികളെ ജീവപര്യന്തം തടവിനും രണ്ടു ലക്ഷം രൂപ പിഴ ഒടുക്കാനും കോടതി ശിക്ഷിക്കുകയായിരുന്നു. 2009 സെപ്റ്റംബര്‍ 23നാണ് ക്ഷേത്ര ദര്‍ശനത്തിനു ശേഷം പ്രഭാത നടത്തത്തിനിറങ്ങിയ ശിവപ്രസാദിനെ പ്രകോപനമൊന്നുമില്ലാതെ അയിരൂര്‍ പോസ്റ്റ് ഓഫീസിനു സമീപം വഴിയിലിട്ട് കൊല്ലുകയായിരുന്നു.