തിരുവനന്തപുരം: വയോധികയെ വീടിന് സമീപത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കേശവദാസപുരം ദേവസ്വം ലെയിനിൽ കഴിയുന്ന മനോരമ(60)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്തുള്ള വീട്ടിലെ കിണറ്റിലാണ് മനോരമയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ പകൽ തന്നെ മനോരമയെ കാണാനില്ലെന്ന് മനസിലാക്കിയതിനെ തുടർന്ന് പരിസരങ്ങളിലെല്ലാം തെരച്ചിൽ നടത്തിയിരുന്നു. രാത്രി 11.15നാണു കിണറ്റിൽ നിന്നു മൃതദേഹം കട്ടിയത്. പൊലീസ് നായ മണം പിടിച്ച് അയൽപക്കത്തെ വീട്ടിലെ കിണറിനു സമീപം വന്നു നിന്നു. തുടർന്നു ഫയർഫോഴ്‌സിനെ എത്തിച്ചു നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്നു മൃതദേഹം കിട്ടിയത്. മൃതദേഹം കണ്ടെത്തുമ്പോൾ കാലുകളിൽ കല്ലിട്ട് കെട്ടിയിട്ട നിലയിലായിരുന്നു. കഴുത്തിൽ കുരുക്കിട്ടിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിൽ തള്ളിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയോടെ മനോരമ കഴിഞ്ഞിരുന്ന വീട്ടിൽ നിന്ന് വലിയ ശബ്ദം കേട്ടിരുന്നതായി അയൽവാസികൾ പറഞ്ഞു. ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ ആദം അലിയെന്ന വ്യക്തിയെ കാണാനില്ലെന്ന് നാട്ടുകാർ പറഞ്ഞു. മനോരമയെ കാണാനില്ലെന്ന് മനസിലാക്കിയതിന് തൊട്ടുപിന്നാലെയാണ് ആദം അലിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. മനോരമയുടെ വീട്ടിൽ നിന്ന് 60000 രൂപയോളം മോഷണം പോയിട്ടുണ്ട്. നഗരമധ്യത്തിൽ നടന്ന കൊലപാതകത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാർ. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
സംഭവ സമയം ഭർത്താവ് ദിനരാജ് വർക്കലയിലുള്ള മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്നു വിരമിച്ച . ഉദ്യോഗസ്ഥരാണ്.