Spread the love
തദ്ദേശ തിരഞ്ഞെടുപ്പിൽ ചിലവ് കണക്ക് നൽകിയില്ല; 9016 സ്ഥാനാർത്ഥികളെ അയോഗ്യരാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ചിലവ് കണക്ക് നൽകാതിരുന്ന സ്ഥാനർത്ഥികളെ അയോഗ്യരാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ. 9016 സ്ഥാനാർത്ഥികളെയാണ് അയോഗ്യരാക്കിയത്. ഈ പട്ടികയിൽ ഉൾപ്പെട്ടെവർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ അംഗമായി തുടരുന്നതിനും സ്ഥാനാർത്ഥികളായി മത്സരിക്കുന്നതിനും വിലക്കേർപ്പെടുത്തിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.

സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അയോഗ്യരാക്കിയ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. 2020 ഡിസംബറിൽ തിരഞ്ഞെടുപ്പ് നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥാനാർത്ഥികളെയാണ് അയോഗ്യരാക്കിയിരിക്കുന്നത്. കേരള പഞ്ചായത്ത് രാജ്, മുൻസിപ്പാലിറ്റി ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് കമ്മീഷന്റെ നടപടി. അയോഗ്യരാക്കിയിവരിൽ 436 പേർ കോർപ്പറേഷനുകളിലേക്കും 1266 പേർ മുൻസിപ്പാലിറ്റികളിലേക്കും 71 പേർ ജില്ല പഞ്ചായത്തുകളിലേക്കും 6653 പേർ ഗ്രാമപഞ്ചായത്തുകളിലേക്കുമാണ് മത്സരിച്ചിരുന്നത്.

അയോഗ്യരാക്കിയിട്ടുള്ളവർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അംഗങ്ങളായോ സ്ഥാനാർത്ഥികളായോ തുടരുന്നില്ല എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ഇതിനായി ജില്ല, പഞ്ചായത്ത്, മുൻസിപ്പാലിറ്റി കോർപ്പറേഷൻ എന്നിവയ്‌ക്ക് ജില്ല കളക്ടറും ഗ്രാമപഞ്ചായത്തിന് ബ്ലോക് പഞ്ചായത്ത് സെക്രട്ടറിയെയുമാണ് അധികാരപ്പെടുത്തിയിട്ടുള്ളത്.ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചിലവഴിക്കേണ്ട തുക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിജപ്പെടുത്തിയിട്ടുണ്ട്. ഈ കണക്കുകളാണ് വെളിപ്പെടുതേണ്ടത്.

Leave a Reply