ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ഏപ്രിൽ 26നാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പു നടക്കുക. ഫലപ്രഖ്യാപനം മറ്റു സംസ്ഥാനങ്ങൾക്കൊപ്പം ജൂൺ 4നു നടക്കും. ആകെ ഏഴു ഘട്ടങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്നത്. ഇതിൽ രണ്ടാം ഘട്ടത്തിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ്.
ഫലത്തിൽ, വോട്ടെടുപ്പിനു ശേഷം ഫലപ്രഖ്യാപനത്തിനായി കേരളം കാത്തിരിക്കേണ്ടത് 39 ദിവസമാണ്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം കേരളം ഉൾപ്പെടുന്ന സംസ്ഥാനങ്ങളിൽ വോട്ടെടുപ്പിലേക്കും 40 ദിവസത്തെ കാത്തിരിപ്പുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ചത്.
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാർച്ച് 28ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. കേരളം ഉൾപ്പെടെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം ഏപ്രിൽ നാലാണ്. ഏപ്രിൽ അഞ്ചിന് പത്രികകളുടെ സൂക്ഷ്മ പരിശോധന. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ എട്ട് ആയിരിക്കും.