തിരുവനന്തപുരം: അഞ്ചുവർഷം കൊണ്ട് വൈദ്യുതിക്ക് യൂണിറ്റിന് രണ്ടു രൂപ 30 പൈസ കൂട്ടണമെന്ന് വൈദ്യുതി ബോർഡ്. വരുന്ന സാമ്പത്തികവർഷം ഒരു രൂപ കൂട്ടണം. മുമ്പെങ്ങുമില്ലാത്ത വിധമുള്ള വൻ വർധനയാണ് ആവശ്യപ്പെടുന്നത്. ഇതിനുള്ള അപേക്ഷ തിങ്കളാഴ്ച റെഗുലേറ്ററി കമ്മിഷന് സമർപ്പിക്കും. ഉപഭോക്താക്കളുടെ അഭിപ്രായവും ബോർഡിന്റെ സാമ്പത്തികസ്ഥിതിയും പരിഗണിച്ച് എത്രകൂട്ടണമെന്ന് കമ്മിഷൻ തീരുമാനിക്കും.
2013-’14 മുതൽ 2019-’20 വരെ ആകെ ഒരുരൂപയാണ് യൂണിറ്റിന് കൂടിയത്. ഈ സ്ഥാനത്ത് അടുത്ത ഒരുവർഷംമാത്രം ഒരുരൂപ കൂട്ടണമെന്നാണ് ആവശ്യം. വീടുകളിലെ നിരക്കിൽ ഏകദേശം 20 ശതമാനം വരും ഈ വർധന. ഇപ്പോൾ കേരളത്തിൽ യൂണിറ്റിന് ശരാശരി 6.10 രൂപയാണ്. ക്രോസ് താഴ്ന്നസ്ലാബുകളിൽ നിരക്ക് കുറവാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണിത്. ബോർഡ് ആവശ്യപ്പെടുന്ന വർധന അനുവദിച്ചാൽ വർഷംതോറും ഏകദേശം 50 പൈസ കൂടും. ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറും. ഇതുവരെ വർഷം ശരാശരി കൂടിയിരുന്നത് 25 പൈസയാണ്.