Spread the love
വൈദ്യുതി ചാർജ് വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് പ്രഖ്യാപനം നാളെ

സംസ്ഥാനത്ത് വൈദ്യുതി ചാർജ് വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മീഷൻ നാളെ പ്രഖ്യാപിക്കും. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വൈദ്യുത നിരക്കാണ് പ്രഖ്യാപിക്കുക. ഈ വര്‍ഷം 92 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശുപാർശ. അഞ്ചു വര്‍ഷം കൊണ്ട് ഒന്നര രൂപ വരെ വര്‍ധിപ്പിക്കണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നു. നിലവിലെ താരിഫ് പ്രകാരം ഗാര്‍ഹിക ആവശ്യത്തിനുള്ള നിരക്ക് 4 രൂപ 79 പൈസയാണ്. വിവിധ ജില്ലകളില്‍ പബ്ലിക് ഹിയറിങ് നടത്തിയ ശേഷമാണ് കമ്മിഷന്‍ അന്തിമ താരിഫ് പ്രഖ്യാപിക്കുന്നത്. എത്ര രൂപയാണ് വര്‍ധിപ്പിക്കുക എന്നത് നാളെ അറിയാം.

കോവിഡ് സാഹചര്യം കാരണമാണ് വൈദ്യുതി നിരക്ക് വര്‍ധന ഏപ്രിലില്‍ നടപ്പാക്കാതിരുന്നത്. ജൂലൈ മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.അഞ്ചു മുതല്‍ പത്ത് ശതമാനം വരെയായി നിരക്ക് വര്‍ധന നടപ്പാക്കാനാണ് കമ്മിഷന്റെ തീരുമാനം. യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസ വരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധിക്കും. കൂടുതല്‍ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധന കൂടുതല്‍ എന്ന രീതിയിലാണ് പുതുക്കിയ നിരക്കുകള്‍. കാര്‍ഷിക, ദുര്‍ബല വിഭാഗങ്ങള്‍ക്കു ഇളവുകളും കമ്മിഷന്‍ പ്രഖ്യാപിക്കും. വാണിജ്യ ഉപഭോക്താക്കളുടേയും നിരക്ക് വര്‍ധിക്കും. ഗാര്‍ഹിക ഉപഭോക്താക്കളുടേതിന് സമാനമായ വര്‍ധന മാത്രമേ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഉണ്ടാകുകയുള്ളൂ.

Leave a Reply