Spread the love

സംസ്ഥാനത്ത് വൈദ്യുതിയുടെ വാർഷികനിരക്കുവർധന ഏകീകൃത തോതിൽ നടപ്പാക്കുന്നതാണ് വ്യവസായങ്ങൾക്ക് ഗുണകരമാവുകയെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ്. ഈ സാധ്യത പരിശോധിച്ച് കെ.എസ്.ഇ.ബി. നിലപാട് അറിയിക്കണമെന്ന് പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന റെഗുലേറ്ററി കമ്മിഷൻ പൊതുതെളിവെടുപ്പിൽ ചെയർമാൻ ആവശ്യപ്പെട്ടു.

2022-’23 മുതൽ 2026-’27 വരെയുള്ള അഞ്ചുവർഷം യൂണിറ്റിന് 90 പൈസയുടെ വർധനയ്ക്കാണ് കെ.എസ്.ഇ.ബി. ശുപാർശ. ആദ്യവർഷങ്ങളിൽ നിരക്ക് കൂടുതലും അവസാനവർഷം കുറവുമായ നിലവിലെ രീതി പുതുവ്യവസായങ്ങൾക്കടക്കം ക്ലേശമുണ്ടാക്കുമെന്ന് ചെയർമാൻ ടി.കെ. ജോസ് ചൂണ്ടിക്കാട്ടി.

2022-’23-ൽ 40.63 പൈസയാണ് വർധിപ്പിച്ചത്. ഈ വർഷം 41 പൈസ, 2024-’25-ൽ 31 പൈസ, 2025-’26-ൽ 17 പൈസ, 2026-’27-ൽ ഒരു പൈസ എന്നീ തോതിൽ കൂട്ടാനാണ് ശുപാർശയുള്ളത്. മൊത്തം തുകയുടെ ശരാശരി നിശ്ചയിച്ച് ഓരോ വർഷവും ഈ തോതിൽ നിരക്ക് കൂട്ടാനുള്ള സാധ്യത പരിശോധിക്കാനാണ് കമ്മിഷൻ ആവശ്യപ്പെട്ടത്.

തുടക്കത്തിൽ ഉയർന്ന തോത് നിശ്ചയിക്കാനുള്ള മാനദണ്ഡമെന്താണെന്ന് കമ്മിഷൻ കെ.എസ്.ഇ.ബി. അധികൃതരോട് ആരാഞ്ഞു. തിരഞ്ഞെടുപ്പു നടക്കുന്നതിനാലാണ് ആ വർഷങ്ങളിൽ കുറഞ്ഞ തുക നിശ്ചയിച്ചതെന്നായിരുന്നു മറുപടി. വൈദ്യുതിത്തടസ്സം പോലെ ഉപഭോക്താക്കൾ അറിയേണ്ട വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭിക്കാൻ കെ.എസ്.ഇ.ബി. വെബ്സൈറ്റിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും ചെയർമാൻ നിർദേശിച്ചു.

15-ലേറെ പരാതികൾ കമ്മിഷൻ കേട്ടു. വൈദ്യുതിനിരക്ക് പരിഷ്കരിക്കുന്നതിനു മുന്നോടിയായി കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ തെളിവെടുപ്പ് പൂർത്തിയായി. അടുത്ത യോഗം കൊച്ചിയിലും തിരുവനന്തപുരത്തും നടക്കും.

Leave a Reply