ഷൊർണൂർ: സംസ്ഥാനത്തെ ആദ്യ റെയിൽവേ ഹരിത ഇടനാഴി (ഗ്രീൻ കോറിഡോർ) എന്ന വിശേഷണമുള്ള ഷൊർണൂർ – നിലമ്പൂർ പാത വൈദ്യുതീകരിക്കുന്നു. ഷൊർണുരിൽ നിന്ന് നിലമ്പൂർ വരെ 70 കിലോമീറ്റർ വൈദ്യുതികരിച്ച പാത വരുന്നതോടെ പാലക്കാട് റെയിൽവേ ഡിവിഷനിൽ പൂർണമായും വൈദ്യുത പാതകളാകും.
വാടാനാംകുറുശ്ശിയിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ആദ്യ ശിലയിട്ടു. ആകെ 1300 തൂണുകളിലായാണ് കാന്റിലിവർ രീതിയിൽ വൈദ്യുതി കമ്പികൾ കടന്നു പോവുക. ട്രാക്ഷൻ സബ് സ്റ്റേഷൻ മേലാറ്റൂരിലും സ്വിച്ചിങ് സ്റ്റേഷനുകൾ വാടാനാം കുറുശ്ശിയിലും വാണിയമ്പലത്തും അങ്ങാടിപ്പുറത്തുമായി സ്ഥാപിക്കും. ഒക്ടോബറിൽ പദ്ധതി പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ (ഇലക്ട്രിഫിക്കേഷൻ) കെ.എ.സജിയുടെ സാന്നി ധ്യത്തിലാണു നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.