ശ്രീലങ്കന്‍ രാജ്യ തലസ്ഥാനമായ കൊളംബോയില്‍ വന്‍ പ്രക്ഷോഭം നിയന്ത്രണാതീതമായതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവിലാക്കാനും കഴിയും. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസിഡന്‍റ് ഗൊട്ടബയ രജപക്സെയുടെ ഉത്തരവില്‍ പറയുന്നത്. പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു. പ്രസിഡന്‍റ് ഗോട്ടബയ രജപക്സെക്കെതിരെ ‘ഗോ ഹോം ഗോട്ട’ എന്ന മുദ്രാവാക്യങ്ങളുമായി ജനം തെരുവിലിറങ്ങി.
സ്വാതന്ത്ര്യം നേടിയ ശേഷം ശ്രീലങ്ക അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ സാമ്പത്തിക മാന്ദ്യമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. വ്യാഴാഴ്ചയോടെ രാജ്യത്ത് ഡീസൽ ലഭ്യമല്ലാതായി, ലങ്കയിലെ 22 ദശലക്ഷം ആളുകള്‍ 13 മണിക്കൂർ പവര്‍ക്കട്ടിലാണ്. മരുന്നുകളുടെ ദൗർലഭ്യം കാരണം ശസ്ത്രക്രിയകൾ ഇതിനകം നിർത്തിയിരിക്കുകയാണ് സർക്കാർ ആശുപത്രികളിൽ. ശ്രീലങ്കയുടെ ദുരിതം പരിഹരിക്കാൻ വായ്പ അനുവദിക്കുന്ന കാര്യത്തിൽ ഐ എം എഫിന്‍റെ ചർച്ചകൾ ഈ ആഴ്ച ആരംഭിക്കും. കടക്കെണിയിലായ ലങ്കയ്ക്ക് വിദേശസഹായം ഇല്ലാതെ ഒരടിപോലും മുന്നോട്ടു നീങ്ങാനാവാത്ത സാഹചര്യമാണ്.