മോഷണ ശ്രമം പ്രതിരോധിക്കുന്നതിനിടെ അക്രമിയുടെ കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ, ആശുപത്രി വിട്ടിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ നടൻ സുഖംപ്രാപിച്ചു വരികയാണ്. സോഷ്യൽ മീഡിയയിലടക്കം താരത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ ഏറെ സജീവമായിരിക്കെ
പരിക്കേറ്റ് കിടന്ന തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണയെ കെട്ടിപ്പിടിച്ച് നടൻ സെയ്ഫ് അലി ഖാൻ. സെയ്‌ഫ് അലി ഖാന്റെ അമ്മ ഷർമിള ടാഗോർ ഭജൻ സിംഗിനോട് നന്ദി പറയുകയും അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്‌തു.
ലീലാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പാണ് ഓട്ടോ ഡ്രൈവർ സെയ്ഫിനെ കാണാനെത്തിയത്. ഇരുവരുടെയും കൂടിക്കാഴ്ച അഞ്ച് മിനിട്ടോളം നീണ്ടുനിന്നു. കെട്ടിപ്പിടിക്കുന്നതിനൊപ്പം തന്നെ ചെയ്തു തന്നെ സഹായത്തിന് ഓട്ടോ ഡ്രൈവറോട് നടൻ നന്ദി അറിയിക്കുകയും ചെയ്തു.കുത്തുകളേറ്റ് ചോരവാർന്നുകൊണ്ടിരിക്കുന്ന നിലയിൽ സെയ്ഫ് അലി ഖാനെ മകനാണ് ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചത്. അപകടം നടന്ന സമയത്ത് വീട്ടിൽ ഡ്രൈവർമാർ ആരും ഇല്ലാതിരുന്നതിനാൽ ആ വഴി വന്ന ഭജൻ സിംഗിന്റെ ഓട്ടോയിൽ കയറ്റി സെയ്ഫിനെ രണ്ട് കിലോമീറ്റർ അകലെയുള്ള ലീലാവതി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ഭജൻ സിംഗിന് ഒരു സ്ഥാപനം 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ ബാന്ദ്ര പൊലീസ് ഭജൻ സിംഗിനെ വിളിപ്പിച്ചിരുന്നു. പണത്തെക്കുറിച്ചൊന്നും അപ്പോൾ ചിന്തിച്ചിരുന്നില്ലെന്നായിരുന്നു അദ്ദേഹം ഒരു വാർത്താ ഏജൻസിയോട് പ്രതികരിച്ചത്. ജനുവരി പതിനാറിനാണ് സെയ്ഫ് അലി ഖാന്റെ വീട്ടിൽ കള്ളൻ കയറിയത്. കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് നടന് കുത്തേറ്റത്. പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.