മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽവച്ച് പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർലൈൻസ് തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ പ്രതിഷേധിച്ചവരെ വിമാന ജീവനക്കാർ ശാന്തരാക്കാൻ നോക്കിയെന്ന് ഇൻഡിഗോ എയർലൈൻസ്. പ്രതിഷേധിച്ചവരെ രാഷ്ട്രീയനേതാവ് ഇ.പി.ജയരാജൻ പിടിച്ചുതള്ളിയെന്നും റിപ്പോർട്ടിലുണ്ട്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരാണ് ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയർത്തിയത്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഇവരെ സീറ്റുകൾക്കിടയിലേക്കു തള്ളിയിടുകയായിരുന്നു. ജയരാജനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ജയരാജന് യാത്രാനിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷൻ അതോറിറ്റിക്കും പരാതി നൽകി.