എമ്പുരാന്‍ സിനിമയെ വിമര്‍ശിച്ച് ശ്രീലേഖ ഐപിഎസ്. മുന്‍ ഡിജിപിയായിരുന്ന ശ്രീലേഖ ഐപിഎസ് എമ്പുരാന്‍ സമൂഹത്തിന് മോശം സന്ദേശം നല്‍കുന്ന ചിത്രമാണ് എന്നാണ് തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ വിമര്‍ശനം നടത്തിയത്.
ബിജെപി കേരളത്തിലേക്ക് വന്നാൽ വലിയ നാശം സംഭവിക്കും അതുകൊണ്ട് ആയുധ ഇടപാടുകളും സ്വർണം കടത്തും നടത്തുന്ന അധോലോക നായകന് മാത്രമാണ് കേരളത്തെ രക്ഷിക്കാന്‍ സാധിക്കൂ എന്നാണ് പറഞ്ഞുവയ്ക്കുന്നത് എന്നും കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഡിജിപി വീഡിയോയില്‍ പറയുന്നു.
ചിത്രത്തില്‍ ഉടനീളം പറയാന്‍ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായ ഒന്നല്ലെന്നും, അത് മനപൂര്‍വ്വമാണെന്നും ശ്രീലേഖ വീഡിയോയില്‍ പറയുന്നു. കേരള രാഷ്ട്രീയ വിശ്വസികളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഇത്. ബിജെപി വന്നാല്‍ നാട് കുട്ടിച്ചോറാകും. മതസൗഹാർദത്തോടുകൂടി സ്നേഹത്തോടുകൂടി ഇരിക്കുന്ന കേരളം എന്ന് പറയുന്ന കൊച്ചു സംസ്ഥാനം ഇങ്ങനെ ഭാരതത്തിന്‍റെ ഭാഗമല്ലാതെ മാറിക്കിടക്കുന്നതാണ് സേഫ്, അത് ഭാരതത്തിന്‍റെ ഭാഗമാക്കണ്ട എന്നുള്ള തെറ്റായ ഒരു ധാരണ സമൂഹത്തിന് നല്‍കുന്നുണ്ട്. ബിജെപി പ്രവർത്തകർക്കും ബിജെപി വിശ്വാസത്തിൽ നിൽക്കുന്ന ആൾക്കാർക്കും ഒക്കെ ഒരു വലിയ ചാട്ടവാർ അടിപോലെയാണ് തോന്നിയത് എന്നും ശ്രീലേഖ പറയുന്നു.
അതേ സമയം മുഖ്യമന്ത്രി ഈ സിനിമ കാണാന്‍ കൊച്ചുമകനെ കൊണ്ടുപോയതിനെയും ശ്രീലേഖ വിമര്‍ശിക്കുന്നു. ഈ യുഎ 16 പ്ലസ് എന്ന റേറ്റിങ് ഉള്ള ഒരു സിനിമയ്ക്ക് അദ്ദേഹം എന്തിനാണ് കൊച്ചുമകനെ കൊണ്ടുപോയത് എന്ന് ശ്രീലേഖ ചോദിക്കുന്നു.