സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’ സിനിമയുടെ ട്രെയിലർ നാളെ എത്തും. മാർച്ച് 20ന് ഉച്ചയ്ക്ക് 1:08ന് ആശീർവാദിന്റെ യൂട്യൂബ് ചാനലിലൂടെ ട്രെയിലർ പുറത്തിറങ്ങും. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ട്രെയിലറുകളും ഒരേസമയം റിലീസ് ചെയ്യുന്നു.
ട്രെയിലർ റിലീസ് ചെയ്യുന്ന സമയവുമായി ബന്ധപ്പെട്ടും പ്രേക്ഷകർക്കിടയില്‍ ചർച്ച തുടങ്ങി കഴിഞ്ഞു. ട്രെയിലർ റിലീസ് വാർത്ത പൃഥ്വി പങ്കുവച്ചതും ഉച്ചയ്ക്ക് 1:08ന് തന്നെയാണ്. ചെകുത്താന്റെ നമ്പറിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അതല്ല വചനവുമായി ബന്ധപ്പെട്ടാണ് ഈ സമയമെന്നുമൊക്കെയുള്ള തിയറികളുമായി ആളുകൾ എത്തിക്കഴിഞ്ഞു.
തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്–മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ മാർച്ച് 27ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു.
‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്. ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം. ഫാർസ് ഫിലിംസ്, സൈബപ്‍ സിസ്റ്റംസ് ഓസ്ട്രേലിയ എന്നിവരാണ് ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ പ്രൈം വിഡിയോയും ആശീർവാദ് ഹോളിവുഡും ചേർന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എന്റർടെയ്ൻമെന്റ് ആണ് വിതരണം