Spread the love

സിനിമ പ്രേമികൾ അക്ഷമരായി കാത്തിരിക്കുന്ന മോഹൻലാൽ, പൃഥ്വിരാജ് കൂട്ടായ്മയിൽ ഒരുങ്ങുന്ന മലയാള ബിഗ് ബഡ്‌ജറ് ചിത്രം ‘L2 എമ്പുരാനിൽ’ (L2 Empuraan) നിന്നും തമിഴ് നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് പിന്മാറി. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസും സുഭാസ്ക്കരന്റെ ലൈക്കയും ചേർന്നായിരുന്നു നിർമാണം. ലൈക്ക നിർമാണത്തിൽ നിന്നും പിന്മാറുന്നതും ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയർ ഏറ്റെടുക്കും എന്നാണ് ഏറ്റവും പുതുതായി ലഭ്യമായ വിവരം. എന്നിരുന്നാലും, മാർച്ച് 27 എന്ന റിലീസ് തീയതിയിൽ നിന്നും മാറില്ല എന്നും വിവരമുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലൈക്ക പ്രൊഡക്ഷൻസ് ‘L2 എമ്പുരാൻ’ സിനിമയിൽ നിന്നും പിന്മാറും എന്ന നിലയിൽ സ്ഥിരീകരണം ലഭിക്കാതെ റിപോർട്ടുകൾ പുറത്തുവന്നിരുന്നു. ലൈക്കയുടെ പിന്തുണയില്ലാതെ സിനിമ തിയേറ്ററിൽ എത്തിക്കാനുള്ള ശ്രമം ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തിലുള്ള ആശിർവാദ് സിനിമാസ് വളരെ മുൻപേ ആരംഭിച്ചിരുന്നു എന്നും റിപോർട്ടുണ്ട്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇന്ന് വൈകുന്നേരത്തോടു കൂടി പുറത്തുവരും എന്നാണ് പുതിയ സൂചനകൾ.

എന്തിരൻ 2.0, പൊന്നിയിൻ സെൽവൻ തുടങ്ങിയ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ നിർമാണ പ്രവർത്തനങ്ങളിൽ പ്രധാനപങ്ക് വഹിച്ച ലൈക്കയുടെ കേരളത്തിലേക്കുള്ള വരവിൽ ഏറെ പ്രതീക്ഷകൾ നൽകിയ ചിത്രമായിരുന്നു ‘L2 എമ്പുരാൻ’. എന്നാൽ, പ്രതാപകാലം വിളിച്ചോതുന്ന ചിത്രങ്ങളെ പോലായിരുന്നില്ല, ലൈക്കയുടെ ഏറ്റവും പുതിയ പ്രോജക്റ്റ് ആയ ‘വിടാമുയർച്ചി’. അജിത്കുമാറിന്റെ താരപ്പൊലിമ കൊണ്ടുപോലും ബോക്സ് ഓഫിസിൽ പിടിച്ചു നിൽക്കാനാവാതെ ലൈക്കയ്ക്ക് കാലിടറി. അതിനു മുൻപിറങ്ങിയ ‘വേട്ടയാൻ’ വിജയചിത്രമായെങ്കിലും, അതിനും മുൻപേ റിലീസ് ചെയ്ത ‘ഇന്ത്യൻ 2വും’ നിരാശാജനകമായി

ഔദ്യോഗിക കണക്കനുസരിച്ച് 175–350 കോടി ബഡ്ജറ്റിൽ നിർമിച്ച ‘വിടാമുയർച്ചി’, ബോക്സ് ഓഫിസിൽ നിന്നും നേടിയതാകട്ടെ ആകെ 138 കോടിയും. ഇതിനു പിന്നാലെ ഉണ്ടായ സാമ്പത്തിക ബാധ്യതയിൽ ലൈക്ക ‘L2 എമ്പുരാൻ’ പോലൊരു ചിത്രത്തെ പിന്താങ്ങാനുള്ള സാധ്യതയ്ക്കും മങ്ങലേൽക്കുകയായിരുന്നു. ഇതിനു പുറമേ, നിർമാണ കമ്പനിയുടെ പേരിലെ കടങ്ങൾ വീട്ടാൻ സാമ്പത്തിക ഇടപാടുകാരുടെ സമ്മർദം ഏറുന്നുണ്ട്.ബോളിവുഡ് താരങ്ങൾ L2 എമ്പുരാനിൽ വേഷമിടുന്നെങ്കിലും, എടുത്തുപറയത്തക്ക താരപ്പൊലിമ ഈ ചിത്രത്തിനില്ല താനും. ഈയൊരു ഘടകം ഹിന്ദി ഹൃദയഭൂമിയിൽ ‘എമ്പുരാന്’ ലഭിക്കാവുന്ന സ്വീകാര്യതക്ക് മേൽ ചോദ്യചിഹ്നമുയർത്തുകയാണ്

Leave a Reply