മലയാള സിനിമയിൽ വർധിച്ചുവരുന്ന വയലൻസുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി നടി രഞ്ജിനി. കൊറിയൻ, ജാപ്പനീസ് സിനിമകളുടെ പാത പിന്തുടർന്ന് മലയാളത്തിൽ സിനിമ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയെ രഞ്ജിനി ചോദ്യം ചെയ്തു. സെൻസർ ബോർഡ് ഉറക്കത്തിലോണോ എന്നും ഇതൊന്നും അവർ കാണുന്നില്ലേ എന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ രഞ്ജിനി കുറിച്ചു. സിനിമയുടെയും മോശം പേരന്‍റിങ്ങിന്റെയും ലഹരി ഉപയോഗത്തിന്റെയുമെല്ലാം ഫലമായി ക്ഷമ നശിച്ച യുവത്വമായി കുട്ടികൾ മാറുന്നുവെന്നും രഞ്ജിനി പറഞ്ഞു.
രഞ്ജിനിയുടെ കുറിപ്പ്
“അതുല്യവും പുരസ്കാരങ്ങള്‍ നേടാറുള്ളതുമായ തിരക്കഥകള്‍, ചലച്ചിത്ര നിർമ്മാണം, അഭിനയം ഇവയ്ക്കൊക്കെ പേരു കേട്ടതായിരുന്നു മലയാള സിനിമകള്‍. മറ്റു ഭാഷാ സിനിമാ മേഖലകള്‍ അസൂയപ്പെട്ടിരുന്ന ഒന്നാണ് ഇത്. കാര്യങ്ങള്‍ അങ്ങനെയാണെന്നിരിക്കെ നാം കൊറിയന്‍, ജാപ്പനീസ്, തെലുങ്ക്, കന്നഡ സിനിമകളുടെ പാത പിന്തുടര്‍ന്ന് മാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ് പോലെയുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നത് എന്തിനാണ്?”
മലയാളം സിനിമയുടെ ഭാഗമായതിൽ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. സിനിമയുടെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിന്‍റെയും സ്വാധീനം കൊണ്ടും മോശം പേരന്‍റിങ്ങിനാലും ലഹരി ഉപയോഗം കൊണ്ടും ക്ഷമ നശിച്ച യുവത്വമായി മാറുന്ന നമ്മുടെ കുട്ടികളുടെ അവസ്ഥ എന്‍റെ മനസിനെ വേദനിപ്പിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സിനിമകളും ഈ സാമൂഹിക സാഹചര്യം സൃഷ്ടിക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്.
നമ്മുടെ സെന്‍സര്‍ ബോര്‍ഡിന് എന്ത് സംഭവിച്ചുവെന്ന് അദ്ഭുതം തോന്നുന്നു. അവര്‍ ഉറക്കത്തിലാണോ? പ്രിയ കേരളമേ മറക്കാതിരിക്കുക, ജെ.സി ഡാനിയേല്‍, കെ.ജി ജോര്‍ജ്, അരവിന്ദന്‍, എം.ടി വാസുദേവന്‍ നായര്‍, പത്മരാജന്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങി അനേകം പ്രതിഭാധനരെ സൃഷ്ടിച്ച നാടാണിത്. ഇവരെല്ലാം അവരുടെ സിനിമകളിലൂടെ നമ്മുടെ ജീവിതങ്ങളെ സ്വാധീനിച്ചവരാണ്,” രഞ്ജിനി കുറിച്ചു.