കോട്ടയം: വീറും വാശിയും നിറഞ്ഞുനിന്ന പ്രചാരണത്തിനുശേഷം നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോളിങ് കുറഞ്ഞു. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 72.91 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2021ൽ 74.84 ശതമാനമായിരുന്നു പോളിങ്. ആവേശ പ്രചാരണം നടന്നിട്ടും രണ്ട് ശതമാനത്തോളം പോളിങ് കുറഞ്ഞത് മുന്നണികൾക്ക് ആശങ്കയായി. ആകെ 1,76,412 വോട്ടർമാരിൽ 1,28,624 പേർ വോട്ട് ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ഏറ്റവും ഒടുവിലെ കണക്ക്. പ്രിസൈഡിങ് ഓഫിസർമാർ സമർപ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ അവസാന പോളിങ് ശതമാനത്തിൽ മാറ്റം വരുമെന്നും ചീഫ് ഇലക്ടറൽ ഓഫിസർ അറിയിച്ചു. ഇടക്ക് പെയ്ത മഴയും സാങ്കേതിക തകരാറുകളും പോളിങ്ങിനെ ബാധിച്ചു.
പല ബൂത്തുകളിലും തെരഞ്ഞെടുപ്പ് ആറ് മണിക്ക് ശേഷവും നീണ്ടു. ചിലയിടങ്ങളിൽ രാത്രി എട്ടോടെയാണ് വോട്ടെടുപ്പ് പൂർത്തിയാക്കാനായത്. മണർകാട്, കൂരോപ്പട പഞ്ചായത്തുകളിലെ ചില ബൂത്തുകളിലാണ് രാത്രിവരെ പോളിങ് നീണ്ടത്. ഇതിനെതിരെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസും രംഗത്തെത്തി. ചില ബൂത്തുകളിൽ പ്രശ്നങ്ങളുണ്ടായെന്നും എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവസരമുണ്ടാക്കിയെന്നും ജില്ല കലക്ടർ വി. വിഘ്നേശ്വരി പറഞ്ഞു. എട്ട് പഞ്ചായത്തുകൾ ഉൾപ്പെട്ട പുതുപ്പള്ളിയിൽ പതുക്കെയായിരുന്നു പോളിങ് തുടക്കം. എന്നാൽ, 11 മണിയോടെ പോളിങ് വേഗത്തിലായി. വൈകുന്നേരത്തോടെ സ്ത്രീ വോട്ടർമാർ കൂട്ടത്തോടെ എത്തി. അതിനിടെ ചിലയിടങ്ങളിൽ വോട്ടുയന്ത്രങ്ങൾ തകരാറിലായതും ചില സാങ്കേതിക പ്രശ്നങ്ങളും വോട്ടെടുപ്പിനെ ബാധിച്ചു.
ചില ബൂത്തുകളിൽ രാവിലെ മുതൽ തന്നെ വോട്ടെടുപ്പ് നടപടിക്രമങ്ങൾ സാവധാനമായിരുന്നെന്ന ആക്ഷേപവും ശക്തമാണ്. വിവരമറിഞ്ഞ് പോളിങ് ബൂത്തിലെത്തിയ തന്നെ തടഞ്ഞെന്ന ആക്ഷേപവും യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഉന്നയിച്ചു. ഇവിടങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയാകാൻ വൈകിയതിൽ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസും വോട്ടെടുപ്പ് വൈകിയതിനെ വിമർശിച്ചു. ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.