Spread the love

കൊച്ചി: എറണാകുളം – ബെംഗളൂരു റൂട്ടിൽ സർവീസ് നടത്താനായി പുതിയ വന്ദേ ഭാരത് റേക്ക് എറണാകുളം സ്റ്റേഷനിൽ എത്തിച്ചു. ഈ മാസം 31നാണ് ബെംഗളൂരുവിലേക്കുള്ള ആദ്യ വന്ദേ ഭാരത് സർവീസ്. ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമാണ് ഇരുദിശയിലേക്കും വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ നടത്തുക. ആദ്യ യാത്രയുടെ ടിക്കറ്റ് ബുക്കിങ് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിക്കുന്നത്.

എറണാകുളത്ത് നിന്ന് യാത്ര ആരംഭിക്കുന്ന സെമി ഹൈസ്പീഡ് ട്രെയിനിന് ബെംഗളൂരു ഉൾപ്പെടെ വെറും ഏഴ് സ്റ്റോപ്പുകൾ മാത്രമാണുള്ളത്. ഉച്ചയ്ക്കാണ് സർവീസ് ആരംഭിക്കുന്നത്. രാത്രിയോടെ ബെംഗളൂരുവിലെത്തി പിറ്റേന്ന് രാവിലെ 05:30ന് യാത്ര ആരംഭിച്ച് ഉച്ചയോടെ എറണാകുളത്ത് തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

ഷൊർണൂരിൽ നിന്നാണ് പുതിയ വന്ദേ ഭാരത് റേക്ക് എറണാകുളത്ത് എത്തിച്ചത്. നേരത്തെ മൂന്നാം വന്ദേ ഭാരത് സർവീസിനായി രണ്ട് റേക്കുകൾ വിവിധ ഘട്ടങ്ങളിൽ കേരളത്തിൽ എത്തിച്ചിരുന്നെങ്കിലും ബെംഗളൂരിലേക്ക് കൊണ്ടുപോയിരുന്നു. ഓറഞ്ച് നിറത്തിലുള്ള എട്ട് കോച്ചുകളുള്ള റേക്കാണ് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുക.

പുതിയ റൂട്ടിൽ വന്ദേ ഭാരത് സർവീസ് തുടങ്ങുമ്പോൾ പരീക്ഷണ ഓട്ടം നത്തുന്ന പതിവുണ്ടെങ്കിലും എറണാകുളം – ബെംഗളൂരു സർവീസിന് പരീക്ഷണ ഓട്ടം നടത്താൻ സാധ്യത വളരെക്കുറവാണ്. ക്രിസ്മസ് ന്യൂയർ സമയത്ത് ഈ റൂട്ടിൽ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തിയിരുന്നു. അതുകൊണ്ട് പരീക്ഷണ ഓട്ടം ആവശ്യമായി വരില്ല.

വന്ദേ ഭാരതിന്‍റെ വീൽ ടേൺ അറ്റകുറ്റപ്പണിക്ക് ശേഷമാണ് റേക്ക് ഷൊർണൂരിൽ നിന്നു കൊച്ചിയിലേക്ക് എത്തിച്ചത്. ജൂലൈ 31ന് പുറമെ, ഓഗസ്റ്റ് 02, 04, 07, 09, 11, 14, 16, 18, 21, 23, 25 തീയതികളിലാണ് ബെംഗളൂരുവിലേക്കുള്ള (06001) സർവീസ്. ബുധൻ, വെള്ളി, ശനി ദിവസങ്ങളാണിത്. രാത്രി 10 മണിയ്ക്കാണ് സെമി ഹൈസ്പീഡ് ട്രെയിൻ ബെംഗളൂരുവിലെത്തുക.

06002 ബെംഗളൂരു വന്ദേ ഭാരത് ഓഗസ്റ്റ് ഒന്ന് മുതൽ 26 വരെ വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലാണ് സർവീസ് നടത്തുക. 05:30ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 02:20ന് എറണാകുളത്തെത്തും. ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. നിലവിൽ ചെയർ കാറിൽ (CC) 261 സീറ്റും, എക്സിക്യൂട്ടീവ് ക്ലാസിൽ (EC) 22 സീറ്റുമാണ് ബാക്കിയുള്ളത്. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് എക്സിക്യൂട്ടീവ് ക്ലാസിന് 2945 രൂപയും ചെയർ കാറിന് 1465 രൂപയുമാണ് നിരക്ക്.

യാത്രക്കാരുടെ എണ്ണംവും വരുമാനവും അനുസരിച്ചാകും എറണാകുളം – ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് സ്ഥിരമാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഓഗസ്റ്റ് മാസത്തേക്ക് മാത്രമാണ് സർവീസെങ്കിലും സ്പെഷ്യൽ ട്രെയിൻ സെപ്റ്റംബറിലും നീട്ടുമെന്നും ഓണക്കാലത്ത് ബെംഗളൂരു മലയാളികൾക്ക് ഇതിന്‍റെ ഗുണം ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply