Spread the love

കൊച്ചി: മൂന്നാം വന്ദേ ഭാരതെന്ന കേരളത്തിന്‍റെ സ്വപ്നങ്ങൾ അനിശ്ചിതത്വത്തിലാക്കി കൊല്ലത്തെത്തിച്ച വന്ദേ ഭാരത് റേക്ക് മംഗളൂരുവിലേക്ക്. രണ്ട് മാസത്തിലേറെയായി കൊല്ലത്ത് കിടന്നിരുന്ന റേക്ക് ഇന്ന് വൺവേ സ്പെഷ്യൽ സർവീസായി കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോവുകയാണ്. വേനൽക്കാല തിരക്കൊഴിവാക്കാനാണ് സർവീസെന്ന വിശദീകരണത്തോടെയാണ് സർവീസ് പ്രഖ്യാപിച്ചതെങ്കിലും മടക്കയാത്രയോ മറ്റുദിവസങ്ങളിലെ സർവീസോ പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ റേക്ക് മംഗളൂരുവിലാകും ഇനിയുണ്ടാവുക. ഇവിടെ നിന്ന് മറ്റു സർവീസുകൾക്കും സാധ്യതയുണ്ട്. ഇതോടെ എറണാകുളം – ബെംഗളൂരു സർവീസ് നീണ്ടുപോകാനാണ് സാധ്യത.

കൊല്ലത്ത് എത്തിച്ച വന്ദേ ഭാരത് റേക്ക് കേരളത്തിന്‍റെ മൂന്നാം സെമി ഹൈസ്പീഡ് ട്രെയിനിനുള്ളതാണെന്നും എറണാകുലം – ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് സർവീസ് ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുപുറമെ തിരുവനന്തപുരം – കോയമ്പത്തൂർ റൂട്ടും റെയിൽവേ പരിഗണിച്ചിരുന്നെന്നും ബെംഗളൂരു സർവീസ് വൈകാതെ ആരംഭിക്കുമെന്നുമായിരുന്നു ഈ റിപ്പോർട്ടുകൾ. എന്നാൽ ഓരോ സമയത്തും പലകാരണങ്ങളാൽ ഇത് നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഇത് രണ്ടാം തവണയാണ് കേരളത്തിലേക്കെത്തിക്കുന്ന വന്ദേ ഭാരത് റേക്ക് കർണാടകയിലേക്ക് കൊണ്ടുപോകുന്നത്. നേരത്തെ കൊച്ചുവേളിയിലെത്തിച്ച റേക്കാണ് ഇതുപോലെ കടത്തിയത്. ഇത് മൈസൂരു – ചെന്നൈ റൂട്ടിൽ സർവീസും ആരംഭിച്ചു. ഇതിന് പിന്നാലെ കൊല്ലത്തേക്ക് കൊണ്ടുവന്ന റേക്കാണ് ഇന്ന് മംഗളൂരുവിലേക്ക് സർവീസ് നടക്കുന്നത്.

എറണാകുളം – ബെംഗളൂരു സർവീസിന് ബെംഗളൂരുവിൽ പ്ലാറ്റ്ഫോം ലഭ്യതയായിരുന്നു പ്രശ്നമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ഈ മാസം മധുര – ബെംഗളൂരു സർവീസ് ദക്ഷിണ റെയിൽവേ ആരംഭിക്കുകയാണ്. ഇതിന് ഇത്തരത്തിലുള്ള സാങ്കതിക തടസ്സങ്ങളൊന്നും ഉണ്ടായില്ല. വന്ദേ ഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം എറണാകുളം മാർഷലിങ് യാഡിൽ വന്നിട്ടും കാത്തിരിപ്പ് തുടരാനാണ് മലയാളികളുടെ വിധി.

Leave a Reply